കാസര്‍കോട്: കള്ളന് കൊണ്ടുപോയ സൈക്കിള്‍ തിരിച്ചുകിട്ടിയില്ലെങ്കിലും അര്‍ഷാദിന്റെ വിഷമം മാറ്റാന്‍ പുത്തന്‍ സൈക്കിള്‍ സമ്മാനിച്ച് പോലീസ്. മുക്കാട്ടുകര ബത്ലഹേം സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അര്‍ഷാദിനാണ് പോലീസുകാര്‍ ചേര്‍ന്ന് പുതിയ സൈക്കിള്‍ വാങ്ങി നല്‍കിയത്.
അര്‍ഷാദിന്റെ കാണാതെ പോയ സൈക്കിള്‍ കണ്ടെത്താന്‍ പൊലീസ് തിരയാത്ത സ്ഥലങ്ങളില്ല. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചിട്ടും സൈക്കിള്‍ കണ്ടെത്താന്‍ കഴിയാതായതോടെയാണ് അര്‍ഷാദിന്റെ സങ്കടം തീര്‍ക്കാന്‍ പൊലീസ് തന്നെ സൈക്കിള്‍ വാങ്ങിക്കൊടുത്തത്.
also read: കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച് മുങ്ങി, മറ്റ് വാഹനങ്ങളില്‍ ഇടിച്ചു, കള്ളന് പിടിയില്‍
അച്ഛന് മരിച്ച ശേഷം സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുകയാണ് അര്‍ഷാദിന്റെ കുടുംബം. വീട്ടുജോലി ചെയ്തു ലഭിക്കുന്ന വരുമാനത്തില്‍ നിന്നു മിച്ചംപിടിച്ച് അമ്മ 6 മാസം മുന്‍പു വാങ്ങിക്കൊടുത്തതാണ് അര്‍ഷാദിന് സൈക്കിള്‍. ഇത് കള്ളന് കൊണ്ടുപോയി.
മണ്ണുത്തി പട്ടാളക്കുന്നിലെ വീട്ടില്‍ നിന്ന് അമ്മയോടൊപ്പം തൃശൂരിലേക്കു പുറപ്പെട്ട അര്‍ഷാദ്, മണ്ണുത്തി സബ്വേയ്ക്കു സമീപം സൈക്കിള്‍ പാര്‍ക്ക് ചെയ്തു തിരിച്ചെത്തുമ്പോള്‍ സൈക്കിള്‍ കണ്ടില്ല. നേരെ മണ്ണുത്തി പൊലീസ് സ്റ്റേഷനിലെത്തിയ അര്‍ഷാദ് പരാതി അറിയിച്ചതോടെ പലവഴിക്ക് അന്വേഷണം നടന്നു.
തന്റെ സൈക്കിള്‍ തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അര്‍ഷാദ്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും തുമ്പൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അര്‍ഷാദിന് സൈക്കിള്‍ വാങ്ങി നല്‍കിയത്.