വടക്കഞ്ചേരി: പണം വാങ്ങാൻ കണ്ടക്ടറില്ലാതെ ബോക്സ് സ്ഥാപിച്ച് സർവീസ് നടത്തുന്ന കാടൻകാവിൽ ബസിനെ വിടാതെ ദ്രോഹിച്ച് മോട്ടോർ വാഹന വകുപ്പ്. ബസിനെതിരെ പരാതിയുണ്ടെന്നുപറഞ്ഞ് പെർമിറ്റ് പുതുക്കി നൽകാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറായില്ല. താത്കാലിക പെർമിറ്റിലാണ് ബസ് ഓടിയിരുന്നത്. ഉടമ തോമസ് കാടൻകാവിൽ പെർമിറ്റ് പുതുക്കാൻ ആർടിഒ ഓഫീസിലെത്തിയപ്പോഴാണ് പെർമിറ്റ് പുതുക്കിനല്കാനാകില്ലെന്നുപറഞ്ഞത്.
എന്നാൽ ആർക്കാണ്, എന്തുതരം പരാതിയാണ് ഉള്ളതെന്ന ചോദ്യത്തിനൊന്നും മോട്ടോർ വാഹന വകുപ്പിനു മറുപടിയില്ല. മുമ്പും നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ബസിനെ എംവിഡി തടഞ്ഞിരുന്നു. ജനരോഷം രൂക്ഷമായതോടെ വകുപ്പ് മന്ത്രി തന്നെ ഇടപെട്ടാണ് ബസ് നിരത്തിലിറക്കിയത്. ഇപ്പോഴിതാ ബസിന് വീണ്ടും താഴിട്ടിരിക്കുകയാണ്.