കോഴിക്കോട്: വവ്വാലുകളുടെ പ്രജനന കാലമായതിനാല്‍ നിപ വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വവ്വാലില്‍ നിന്ന് തന്നെയാണോ രോഗം ബാധിച്ചതെന്നതിനെക്കുറിച്ച് ഇപ്പോഴും പഠനം നടത്തി വരികയാണ്. പക്ഷെ മരണ നിരക്ക് ഏറ്റവും ഉയര്‍ന്ന പകര്‍ച്ച വ്യാധിയാണ് നിപ. അതിനാല്‍ ജാഗ്രത ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ നിപ അനുഭവം പഠന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വീണ ജോര്‍ജ്. നിപ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തില്‍ മുന്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചെന്നും നഴ്സ് ലിനിയുടെ മരണം നമ്മെ വേദനിപ്പിക്കുന്നതാണെന്നും വീണ ജോര്‍ജ് ശില്പശാലയില് പറഞ്ഞു.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാന്‍ ഇന്നലെ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. നിപ ലക്ഷണങ്ങളുമായി വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് നിപ വൈറസ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തതെങ്കിലും മറ്റ് ജില്ലകളിലും ശ്രദ്ധിക്കാന്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.