ചാവക്കാട്: തൃശ്ശൂർ ചാവക്കാട് ഒരുമനയൂരിൽ ചെമ്മീൻ കെട്ടിലിറങ്ങിയ മൂന്നുവിദ്യാർഥികൾ ചെളിയിൽ താഴ്ന്നുമരിച്ചു. ചാവക്കാട് പാലയൂർ പള്ളിക്കടുത്ത് താമസിക്കുന്ന 16കാരനായ വരുൺ, 16കാരനായ സൂര്യ, 16കാരനായ മുഹ്സിൻ എന്നിവരാണ് മരിച്ചത്.
കഴുത്താക്കൽ കായലിനു സമീപത്തെ ചെമ്മീൻകെട്ടിൽ ഇറങ്ങിയ ഇവർ ചെളിയിൽ താഴ്ന്നുപോവുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് ദാരുണമായ അപകടം നടന്നത്. അഞ്ചുകുട്ടികളാണ് കുളിക്കാനായി ഇറങ്ങിയത്.
ഇതിൽ രണ്ടുപേർ നേരത്തെ കയറിപ്പോയി. ഈ സമയം, മറ്റ് മൂന്നുപേർ ചെളിയിൽ താഴുകയായിരുന്നു. ചെളിനിറഞ്ഞ പ്രദേശമാണ് ഇവിടം. ഫയർ ഫോഴ്സ് സ്ഥലത്തെത്തുന്നതിന് മുൻപേ തന്നെ മൃതദേഹങ്ങൾ നാട്ടുകാർ തന്നെ പുറത്തെത്തിച്ചിരുന്നു.