പാലക്കാട്: കണ്ടക്ടറും ക്ലീനറുമില്ലാതെ ഓടിയിരുന്ന ബസ്സിന്റെ വിശേഷങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍. എന്നാല്‍ വടക്കഞ്ചേരിയില്‍ ഓടിയിരുന്ന ജില്ലയിലെ ആദ്യ സിഎന്‍ജി ബസിന്റെ സര്‍വ്വീസ് മോട്ടര്‍ വാഹന വകുപ്പ് തടഞ്ഞു.
ബസ്സില്‍ കണ്ടക്ടറെ നിയമിച്ചശേഷമേ സര്‍വീസ് നടത്താവു എന്ന് ബസ് ഉടമയ്ക്ക് നിര്‍ദേശം നല്കി. രണ്ട് ട്രിപ്പ് കഴിഞ്ഞ ശേഷമാണ് മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് കണ്ടക്ടറും ക്ലീനറുമില്ലാത്ത ബസ് സര്‍വ്വീസ് ആരംഭിച്ചത്.
വടക്കഞ്ചേരി സ്വദേശി തോമസ് കാടന്‍കാവിലാണ് സംസ്ഥാനത്ത് ആദ്യമായി കണ്ടക്ടറില്ലാതെ ബസ് സര്‍വ്വീസിന് തുടക്കമിട്ടത്. ബസിലെ ബോക്സില്‍ യാത്രക്കാര്‍ പണം നിക്ഷേപിച്ചാല്‍ മാത്രം മതി. വടക്കഞ്ചേരിയില്‍നിന്നു തുടങ്ങി നെല്ലിയാമ്പാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തൂരിലേക്കും തിരിച്ച് വടക്കഞ്ചേരിയിലേക്കുമാണ് ബസ് സര്‍വ്വീസുകള്‍ നടത്തുന്നത്.
ബസ്സില്‍ പണമില്ലാത്തവര്‍ക്കും യാത്രചെയ്യാനാകും. എന്നാല്‍ ഇതിനെതിര ചിലര്‍ നല്കിയ പരാതിയിലാണ് മോട്ടര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. ടിക്കറ്റ് നല്കി കണ്ടക്ടറെ വെച്ചാല്‍ ബസ് ഓടിക്കാം എന്നാണ് അധികൃതര്‍ പറയുന്നത്.