പാലക്കാട്: പണം വാങ്ങാന്‍ കണ്ടക്ടറില്ല, ആളുകളെ നിയന്ത്രിച്ച് കയറ്റാനും ഇറക്കാനും ‘കിളി’യുമില്ല..വടക്കാഞ്ചാരി ബസ്സ്റ്റാന്‍ഡില്‍ നിന്നും സര്‍വ്വീസ് ആരംഭിച്ച ഒരു സ്വകാര്യ ബസ്സിന്റെ പ്രത്യേകതകളാണിവ. ബസിന്റെ മുന്നിലും പിന്നിലും മധ്യത്തിലുമായി വെച്ചിട്ടുള്ള പെട്ടികളിലാണ് ബസ്സില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ യാത്രക്കൂലി നിക്ഷേപിക്കേണ്ടത്.
കാടന്‍കാവില്‍ എന്നാണ് ഈ ബസിന്റെ പേര്. പെട്ടികളില്‍ യാത്രക്കൂലി നിക്ഷേപിക്കണമെന്ന അനൗണ്‍സ്മെന്റ് ബസ്സില്‍ ഇടയ്ക്കിടെ കേള്‍ക്കാം. ബസ്ചാര്‍ജ് പെട്ടിയില്‍ നിക്ഷേപിക്കുന്നതിനുപകരം ഗൂഗിള്‍പേ ചെയ്യാനും സൗകര്യമുണ്ട്. ഓട്ടോമാറ്റിക് ഡോര്‍, ഡ്രൈവര്‍ നിയന്ത്രിക്കും. ഇതുകൊണ്ടൊന്നും തീര്‍ന്നില്ല, ബസ്സിന്റെ പ്രത്യേകത. ഈ ബസില്‍ ഡീസലിനുപകരം പ്രകൃതിവാതകമാണ് ഉപയോഗിക്കുന്നത്.
പ്രകൃതിവാതകമായതിനാല് എന്ജിന് ശബ്ദത്തിന്റെ അസ്വസ്ഥതകളില്ലാതെ യാത്രചെയ്യാം. പാലക്കാട് ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ബസ് സര്‍വ്വീസ് ആരംഭിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് തൃശ്ശൂര്‍-പാലക്കാട് റൂട്ടില്‍ എ.സി. ബസ് സര്‍വ്വീസ് ആരംഭിച്ച കാടന്‍കാവില്‍ തോമസ് മാത്യു തന്നെയാണ് പുതിയ പരീക്ഷണത്തിനും തുടക്കമിടുന്നത്.
വടക്കഞ്ചേരിയില്‍ നിന്നാരംഭിച്ച് നെല്ലിയാംപാടം, തെന്നിലാപുരം, ഇരട്ടക്കുളം തുടങ്ങിയ ഗ്രാമീണവഴികളിലൂടെ ആലത്തൂര്‍ വരെ പോകുന്നതാണ് സര്‍വ്വീസ്. ഒരുദിവസം ഏഴ് ട്രിപ്പുകളിലായി 270 കിലോമീറ്റര്‍ ഓട്ടം. തിങ്കളാഴ്ച മുതല്‍ രാവിലെ 6.45-ന് സര്‍വ്വീസ് ആരംഭിച്ച് 7.30-ന് വടക്കഞ്ചേരിയില്‍ അവസാനിക്കും.