തിരുവനന്തപുരം: യുവതിയെന്ന വ്യാജേനെ ഫോണിലൂടെ പരിചയപ്പെട്ട് 20കാരനെ വീട്ടില്‍ വിളിച്ച് വരുത്തി പൂട്ടിയിട്ട് പണം തട്ടാന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍.തിരുവനന്തപുരത്താണ് സംഭവം. അടിമലത്തുറ പുറംമ്പോക്ക് പുരയിടത്തില്‍ സോണി (18) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്.
വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴി സ്വദേശിയായ ഇരുപതുകാരനാണ് തട്ടിപ്പിനിരയായത്. ഒരു മൊബൈല്‍ ഷോപ്പില്‍ തൊഴിലാളിയായിരുന്ന യുവാവ് ഷോപ്പില്‍ വന്ന അടിമലത്തുറ സ്വദേശിയായ യുവതിയെ പരിചയപ്പെട്ട് നമ്പര്‍ വാങ്ങി വാട്ട്സാപ്പില്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു.
ഇതിനിടയില്‍ ഭര്‍ത്താവുമായി പിണങ്ങിയ യുവതി സ്വന്തം വീട്ടിലേക്ക് പോയി. ഭാര്യയുടെ മൊബൈലില്‍ വന്നിരുന്ന സന്ദേശം തപ്പിയെടുത്ത ഭര്‍ത്താവ് കല്ലുവെട്ടാന്‍ കുഴി സ്വദേശിയുമായി യുവതിയെന്ന വ്യാജേനെ ചാറ്റിംഗ് നടത്തി യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചു.
ശേഷം യുവാവിനെ പ്രതികള്‍ രണ്ടു ദിവസം മുറിക്കുള്ളില്‍ പൂട്ടിയിട്ടു. വിട്ടയക്കാനായി യുവാവിന്റെ കാറും ഒരു ലക്ഷം രൂപയും ആവശ്യപ്പെട്ടു. അഡ്വാന്‍സായി പതിനായിരം രൂപ നല്കിയ യുവാവ് ബാക്കി പണം കഴക്കൂട്ടത്തുള്ള സുഹൃത്തുക്കളില്‍ നിന്ന് വാങ്ങി നല്‍കാമെന്ന് ഉറപ്പു നല്കി.
ഇതനുസരിച്ച് യുവാവും യുവതിയുടെ ഭര്‍ത്താവും പിടിയിലായ പ്രതിയും മറ്റൊരാളുമായി കാറില്‍ കഴക്കൂട്ടത്തേക്ക് തിരിച്ചു. യാത്രക്കിടയില്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷന് സമീപം കാര്‍ നിര്‍ത്തിയ യുവാവ് സ്റ്റേഷനി ലേക്ക് ഓടിക്കയറി. ഇതു കണ്ട പ്രതികള്‍ രക്ഷപ്പെട്ടു. യുവാവിന്റെ പരാതി സ്വീകരിച്ച വിഴിഞ്ഞം പൊലീസിന്റെ അന്വേഷണത്തിലാണ് ശനിയാഴ്ച ഉച്ചയോടെ ഒരാള്‍ പിടിയിലായത്.