തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപ് ക്രൈംബ്രാഞ്ചിന് എതിരെ പരാതിയുമായി രംഗത്ത്. എഡിജിപി ശ്രീജിത്തടക്കമുള്ള അന്വേഷണ സംഘത്തിനെതിരെയാണ് ദിലീപിന്റെ പരാതി. ആഭ്യന്തര സെക്രട്ടറിക്കാണ് ദിലീപിന്റെ അഭിഭാഷകൻ ഫിലിപ് ടി വർഗീസ് മുഖേന പരാതി നൽകിയിരിക്കുന്നത്.
പ്രതികളേയും ബന്ധുക്കളേയും അഭിഭാഷകരേയും ക്രൈബ്രാഞ്ച് അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ എഡിജിപി ശ്രീജിത്തിന്റെ അടുത്ത ബന്ധുവാണെന്നും പരാതിയിലുണ്ട്.
ചട്ടവിരുദ്ധമായാണ് കേസിൽ അന്വേഷണം നടക്കുന്നത്. ആസൂത്രിതമായി ഗൂഢാലോചന നടത്തുകയാണ്. കസ്റ്റഡിയിലിരിക്കെ സായ് ശങ്കറിന് മാധ്യമങ്ങളുമായി അഭിമുഖം നടത്താൻ അവസരം നൽകി.സായ് ശങ്കർ കീഴടങ്ങിയിട്ടും മറ്റു തട്ടിപ്പു കേസുകളിൽ അറസ്റ്റ് ചെയ്തില്ലെന്നും ദിലീപ് നൽകിയ പരാതിയിൽ പറയുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണ കോടതിയിൽ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു. ദിലീപ് ജാമ്യ വ്യവസ്ഥകളെല്ലാം ലംഘിച്ചുവെന്നും തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചുവെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിന്റെ നീക്കം.