പാലക്കാട്: അപൂര്‍വ്വരോഗം ബാധിച്ച കുഞ്ഞ് ഗൗരിലക്ഷ്മിയുടെ ചികിത്സയ്ക്കായി കൈകോര്‍ത്ത് ഒരു നാട്. സ്പൈനല്‍ മസ്കുലാര്‍ അട്രോഫി ബാധിച്ച ഒന്നരവയസ്സുകാരി ഗൗരിലക്ഷ്മിക്കായി ഒരു ദിവസത്തെ സര്‍വീസ് നടത്തിയിരിക്കുകയാണ് പാലക്കാട്ടെ ഒറ്റപ്പാലത്തെ സ്വകാര്യ ബസുകള്‍.
ഷൊര്‍ണൂര്‍ കള്ളിപ്പാടം കുന്നത്തു വീട്ടിലെ കെ.എല്‍. ലിജുവിന്റെയും നിതയുടെയും മകളായ ഗൗരിലക്ഷ്മിയുടെ ചികിത്സയ്ക്കായി 16 കോടി രൂപയുടെ മരുന്നാണ് ആവശ്യം. രണ്ടു വയസ്സ് പൂര്ത്തിയാവുന്നതിനുളളില് മരുന്നെത്തിച്ചു നല്‍കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
ഇതിനായി ഒന്നിക്കുകയായിരുന്നു ഒരു നാട്. ഓള് കേരള പ്രൈവറ്റ് ബസ് മെമ്പേഴ്സ് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു ഗൗരിലക്ഷമിയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ ബസ്സുകള്‍ കാരുണ്യ യാത്ര നടത്തിയത്. കഴിഞ്ഞ ദിവസം പാലക്കാട് കോഴിക്കോട് റൂട്ടിലെ ബസുകളും ധനസമാഹരണത്തിനായി കാരുണ്യ യാത്ര നടത്തിയിരുന്നു.
അമ്പതോളം ബസുകളാണ് കാരുണ്യ യാത്രയില്‍ പങ്കാളികളായത്. ഗുരുവായൂര്‍, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, തിരുവില്വാമല, കോങ്ങാട്, കോട്ടായി, പാലക്കാട്, പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട് റൂട്ടുകളില്‍ ഓടുന്ന ബസുകള്‍ ഉദ്യമത്തില്‍ പങ്കാളികളായി. കഴിഞ്ഞ ദിവസത്തെ ഉടമയുടെ ലാഭവും ജീവനക്കാരുടെ ശമ്പളവും ഗൗരിലക്ഷ്മിയുടെ ചികിത്സയ്ക്കായി മാറ്റിവെക്കും.