മലപ്പുറം: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ക്യാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി കൂടല്ലൂര്‍ സജീഷ്, പൊന്നാനി സ്വദേശി സുധീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണമാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പൊലീസ് പിടികൂടിയത്. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ സജീഷാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് 1.167 കിലോഗ്രാം സ്വര്‍ണമിശ്രിതം കടത്തിയത്.
വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് ഇയാള്‍ പുറത്തിറങ്ങിയത്. എന്നാല്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ എയ്ഡ്പോസ്റ്റിലെ പൊലീസുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ എക്സറേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ ക്യാപ്സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണമിശ്രിതം കണ്ടെത്തിയത്. സജീഷിനെ സ്വീകരിക്കാനെത്തിയതായിരുന്നു സുധീഷ്. പിന്നാലെ ഇയാളെയേും പിടികൂടി.