കോതമംഗലം: എറണാകുളം കോതമംഗലത്ത് അർധരാത്രി കവലക്ക് നടുവിൽ കോഴിക്കുരുതിക്കും കൂടോത്രപൂജക്കും ശ്രമം. നാട്ടുകാരുടെ കണ്ണിൽപ്പെട്ടതോടെയാണ് കൂടോത്ര ശ്രമം പരാജയപ്പെട്ടത്.
കോതമംഗലത്തിനും അടിവാടിനും ഇടയിലുള്ള പിടവൂർ കവലയിലാണ് പൂജക്കുള്ള ശ്രമം നടന്നത്. കവലയുടെ നടുവിൽ പച്ചക്കറികളും പഴങ്ങളും പൂവൻകോഴിയും വിളക്കും വച്ചായിരുന്നു കൂടോത്രം. അർധരാത്രി വാഹനത്തിൽ പോയവരാണ് പൂജക്കുള്ള ശ്രമം നടക്കുന്നത് കണ്ടത്. ഇവർ അരികിലെത്തിയതോടെ കൂടോത്രക്കാരൻ രക്ഷപ്പെട്ടു.
സംഭവമറിഞ്ഞ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. സ്ഥലത്ത് നിന്ന് പൂവൻകോഴിയെയും വസ്തുക്കളും നാട്ടുകാർക്ക് ലഭിച്ചു. കൂടോത്രക്കാരനെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ഒരുങ്ങുകയാണ് പോലീസ്.