തിരുവനന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെടും.
അടുത്ത ബുധനാഴ്ചയോടെ രൂപപ്പെടുന്ന ചക്രവാതച്ചുഴി പിന്നീടുള്ള 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറും. ഇതിന്റെ ഫലമായി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മധ്യ തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത.