മലപ്പുറം: സോഷ്യല്‍മീഡിയയിലെ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ് അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വത്തിലെ ‘ചാമ്പിക്കോ’ എന്ന ഡയലോഗ് വെച്ചുള്ള വീഡിയോ. നിരവധി പേരാണ് വീഡിയോ ചെയ്ത് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. ഈ വീഡിയോ വേര്‍ഷനിലൂടെ ശ്രദ്ധേയനായിരുന്നു ഉസ്താദ് ഉസ്മാന് ഫൈസി.
വീഡിയോ വൈറലായതോടെ ഉസ്താദിനെ മഹല്ല് കമ്മറ്റി പുറത്താക്കിയെന്ന് വ്യാജപ്രചരണം വന്നിരുന്നു. കുട്ടികളോടൊപ്പം വീഡിയോ എടുത്തതിന്റെ പേരില്‍ ഉസ്താദിനെ മദ്രസാ അധികൃതര്‍ പുറത്താക്കിയെന്നായിരുന്നു ചില ഓണ്‍ലൈന്‍മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്.
എന്നാല്‍ അധ്യാപകനെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് മഹല്ല് കമ്മറ്റി അറിയിച്ചു. വണ്ടൂര്‍ മിഫ്താഹുല്‍ മദ്രസയില്‍ നടന്ന സംഭവമായിട്ടായിരുന്നു സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിപ്പത്. എന്നാല്‍ മലപ്പുറം ജില്ലയിലെ അരിമ്പ്ര പാലത്തിങ്ങല്‍ മിസ്ബാഹുല്‍ ഹുദാ മദ്രസയിലെ ഉസ്താദാണ് ഉസ്മാന് ഫൈസി.
മദ്രസയിലെ എട്ടാം ക്ലാസിലെ അവസാന ദിവസം കുട്ടികള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു വീഡിയോ എടുക്കാന്‍ ഉസ്താദ് സമ്മതിച്ചതെന്ന് പ്രദേശവാസിയായ സമീര്‍ പിലാക്കല്‍ പറഞ്ഞു. സോഷ്യല്‍മീഡിയയിലെ ഒരു വിഭാഗം ഉസ്താദിനെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തുമ്പോള്‍, അരിമ്പ്ര പാലത്തിങ്ങല്‍ പ്രദേശത്തെ മഹല്ല് കമ്മിറ്റിയും കുട്ടികളുടെ രക്ഷിതാക്കള്‍ അടക്കമുള്ളവര്‍ വീഡിയോ ഏറ്റെടുത്തിരുന്നു