പാലക്കാട്: പാലക്കാട് മകളുടെ വിവാഹ നിശ്ചയത്തിന്റെ തലേന്ന് അച്ഛന് ഷോക്കേറ്റ് ദാരുണാന്ത്യം. എഴക്കാട് വടക്കേക്കരവീട്ടില്‍ പരേതരായ മലയന്റെയും കാളിയുടെയും മകന് കാശു ആണ് മരിച്ചത്. അമ്പത്തിരണ്ട് വയസ്സായിരുന്നു. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് അപകടം.
വീട്ടില്‍ മകളുടെ വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവസമയത്ത് പ്രദേശത്ത് കനത്ത മഴയും ഇടിമിന്നലും ഉണ്ടായിരുന്നതിനാല്‍ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. വീടിന് പുറത്ത് ലൈറ്റ് ഇടാനായി വയര്‍ കെട്ടുന്നതിനിടെ പെട്ടെന്ന് വൈദ്യുതി പ്രവാഹമുണ്ടായി.
also read: വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ പിറന്നാള്‍ ദിനം, വിജിയെ തട്ടിയെടുത്ത് വാഹനാപകടം
ഷോക്കേറ്റ് കാശു തെറിച്ചുവീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ തന്നെ കോങ്ങാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കാശുവിന്റെ ജീവന് രക്ഷിക്കാനായില്ല. പരേതയായ കമലമാണ് ഭാര്യ. സംസ്കാരം ഇന്ന് നടക്കും.