പാലേരി: കാര്‍ റോഡരികില്‍ നിര്‍ത്തി കിടന്നുറങ്ങിയ യുവാവ് ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ കണ്ടത് തനിക്ക് ചുറ്റും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ മൂരികുത്തിയിലെ ആദില്‍ രാജാണ് പൊല്ലാപ്പിലായത്.
രാത്രി ജോലി കഴിഞ്ഞ് വരുമ്പോള്‍ ആദിലിന് നല്ല ഉറക്കം വന്നു. കടിയങ്ങാട് ‘തണല്‍’നു സമീപമെത്തിയപ്പോള്‍ കാര്‍ നിര്‍ത്തി അല്പമൊന്ന് മയങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ ആന കുത്തിയാല്‍ ഉണരാത്ത രീതിയിലാണ് ആദില്‍ ഉറങ്ങിയത്. റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ആളെ കണ്ടതോടെ നാട്ടുകാര്‍ മുട്ടി വിളിച്ചെങ്കിലും അനക്കമുണ്ടായില്ല.
പിന്നീട് പൊലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിച്ചു. നല്ല ഉറക്കത്തില്‍ ആദില്‍ സീറ്റിലേക്ക് മറിഞ്ഞു വീഴുകയും ചെയ്തതോടെ എന്തോ അപകടം പിണഞ്ഞതായി നാട്ടുകാര്‍ കരുതി. രാവിലെ 11 ഓടെ സര്‍വവിധ സന്നാഹങ്ങളുമായി ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്ത് കുതിച്ചെത്തി.
വിവരം കാട്ടുതീ പോലെ പടര്‍ന്നപ്പോള്‍ നിരവധി പേര് അവിടെ തടിച്ചുകൂടി. കാറിന്റെ വാതില്‍ മുറിക്കുന്നതിനു മുമ്പ് കാര്‍ നാട്ടുകാരും സേനാംഗങ്ങളും ശക്തമായി കുലുക്കിയപ്പോള്‍ ആദില്‍ ഉണര്‍ന്നു. ചുറ്റും കൂടിയ സന്നാഹം കണ്ടപ്പോള്‍ അദ്ദേഹം ഞെട്ടി.
സംഭവിച്ച കാര്യങ്ങള്‍ അറിഞ്ഞ് ആദിലിന് വലിയ പ്രയാസമുണ്ടായി. എന്നാല്‍ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സുമെല്ലാം അയാളെ ആശ്വസിപ്പിച്ച് വീട്ടിലേക്കയച്ചു. സംഭവം ഇപ്പോള്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്.