കൊച്ചി: കൊച്ചിയിലെ പ്രമുഖ ടാറ്റൂ സ്റ്റുഡിയോയായ ഇൻക്ഫെക്റ്റഡ് ആർട്ടിസ്റ്റ് സുജീഷിന് എതിരായ മീ ടൂ ആരോപണത്തിൽ പ്രതികരണവുമായി ഗായിക അഭിരാമി സുരേഷ്. തനിക്കും ടാറ്റൂ ചെയ്തത് സുജീഷ് ആണെന്നും അദ്ദേഹത്തിന്റെ മികവ് കണ്ട് പല പെൺകുട്ടികൾക്കും ഇൻക്ഫക്റ്റഡ് സ്റ്റുഡിയോ താൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും അഭിരാമി വീഡിയോയിലൂടെ വെളിപ്പെടുത്തി.
സുജീഷിനെതിരെയുണ്ടായ മീടൂ ആരോപണം വലിയ ഞെട്ടലോടെയാണു താൻ കേട്ടതെന്നും അതു വിശ്വസിക്കാൻ കുറച്ചു സമയം വേണ്ടി വന്നുവെന്നും അഭിരാമി പറയുന്നു. അടുത്തിടെ തന്റെ കാലിൽ സുജീഷ് ടാറ്റൂ ചെയ്യുന്നതിന്റെ വിഡിയോ അമൃത സുരേഷും പങ്കുവച്ചിരുന്നു.
സുജീഷിൽ നിന്നും തനിക്കു ദുരനുഭവങ്ങൾ നേരിട്ടിട്ടില്ലെന്നും വളരെ കാലമായി അറിയാവുന്ന ആളെക്കുറിച്ച് ഇത്തരം മോശമായ വാർത്ത കേൾക്കേണ്ടി വന്നത് ഞെട്ടൽ ഉണ്ടാക്കിയെന്നാണ് അഭിരാമി പ്രതികരിക്കുന്നത്.
സുജീഷിനെതിരെ പരാതി നൽകാൻ ധൈര്യം കാണിച്ചു മുന്നോട്ടു വന്ന യുവതികളെ ഗായിക പ്രശംസിക്കുകയും ചെയ്തു.