മഞ്ചേരി: നാടെങ്ങും ഒറ്റകെട്ടായി നിന്ന് പ്രളയകെടുതിയില്‍ നിന്ന് കരകയറാനുള്ള തത്രപാടിലാണ്. സംസ്ഥാനത്ത് ഏറെ നാശം വിതച്ച കേരളത്തിന് രാജ്യത്തിന് അകത്തും പുറത്തു നിന്നുമായി നിരവധി സാഹയങ്ങളാണ് എത്തുന്നത്. അതില്‍ കുഞ്ഞു കുട്ടികളുടെ കൊച്ചു സമ്പാദ്യം മുതല്‍ വ്യവസായികളുടെ കോടികള്‍ വരെയുണ്ട്. കേരളം സാധാരണ നിലയില്‍ പടുത്തുയര്‍ത്തുവാന്‍ വന്‍ തുകയാണ് ആവശ്യമുള്ളത്. വീട്ടമ്മമാര്‍ സ്വര്‍ണ്ണങ്ങള്‍ നല്‍കിയും, കൈയ്യിലുള്ളത് നല്‍കുന്നതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അതുപോലെ കണ്ണിനെ നിറയ്ക്കുന്ന കാഴ്ചയാണ് മലപ്പുറം മഞ്ചേരിയില്‍ നിന്നും വരുന്നത്.
കുഞ്ഞു മോള് വൈഗയ്ക്ക് ലഭിച്ച സ്വര്‍ണ്ണങ്ങള്‍ അത്രയും ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യുകയാണ് മഞ്ചേരിയില്‍ നിന്നുള്ള ദമ്പതികള്‍. ”ഇവളുള്ളപ്പോള്‍ നമുക്കെന്തിനാ വേറെ പൊന്ന്. ഇതെല്ലാം വെഷമിക്കുന്നോര്ക്ക് കൊടുക്കാം”-കുഞ്ഞുമകള്‍ക്ക് സമ്മാനമായി കിട്ടിയ വളകളും മോതിരങ്ങളുമെല്ലാം പൊതിഞ്ഞുകെട്ടി ഡോ. ശ്രീലക്ഷ്മി പറയുകയായിരുന്നു. ശ്രീലക്ഷ്മി ഇങ്ങനെ പറഞ്ഞപ്പോള്‍ ഭര്‍ത്താവ് ജിബിന്റെ അഭിപ്രായവും മറ്റൊന്നായിരുന്നില്ല -”ഞാനത് അങ്ങോട്ടു പറയാനിരിക്കുകയായിരുന്നു”.
പ്രസവംകഴിഞ്ഞ് മഞ്ചേരിയിലെ സ്വന്തംവീട്ടില്‍നിന്ന് അറവങ്കരയിലെ ഭര്ത്താവിന്റെവീട്ടിലേക്ക് പോകാനൊരുങ്ങുകയായിരുന്നു ശ്രീലക്ഷ്മി. ‘പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കുഞ്ഞുമോളുടെപേരില് ഒരു കുഞ്ഞുസഹായം. അത്രയേയുള്ളൂ ഇത്”-രണ്ടരപ്പവനിലേറെ വരുന്ന ആഭരണങ്ങള്‍ ദുരിതാശ്വാസത്തിനായി കൈമാറുമ്പോള്‍ ജിബിന്റെ വാക്കുകളില്‍ ആഭരണങ്ങളുടെ മൂല്യത്തേക്കാള്‍ വലിയ സംതൃപ്തി നിറഞ്ഞു.
13 വളകള്‍, മൂന്നുസെറ്റ് കമ്മലുകള്‍, രണ്ട് ബ്രേസ്ലെറ്റ്, എട്ട് മോതിരങ്ങള്‍ എന്നിവയാണ് സമ്മാനമായി കിട്ടിയത്. ഈ ആഭരണങ്ങള്‍ മാതൃഭൂമിയുടെ ‘കേരളത്തിനൊരു കൈത്താങ്ങ്’ പദ്ധതിയിലേക്കായി മലപ്പുറം ന്യൂസ് എഡിറ്റര്‍ അശോക് ശ്രീനിവാസിന് കൈമാറി. പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ സൗജന്യചികിത്സാസേവനവും നല്കാന് തീരുമാനിച്ചിട്ടുണ്ട് ഹോമിയോ ഡോക്ടറായ ശ്രീലക്ഷ്മി.