മലപ്പുറം: താന്‍ ഓടിച്ചിരുന്ന ലോറിയിടിച്ച് കാല്നടയാത്രക്കാരന് മരിച്ചതില്‍ മനംനൊന്ത് ഇരുപത്തിയെട്ടുകാരനായ ഡ്രൈവര്‍ ജീവനൊടുക്കി. മലപ്പുറം ജില്ലയിലാണ് സംഭവം. വെട്ടം ആലിശ്ശേരിയില്‍ ലോറിഡ്രൈവര്‍ മുതിയേരി ബിജുവിനെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെയാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. നാലുമാസങ്ങള്‍ക്ക് മുമ്പ് ബിജു പാംസ് ഫര്‍ണീച്ചര്‍ ഷോപ്പിന്റെ ഫര്‍ണീച്ചറുമായി ലോറിയോടിച്ച് പുനലൂരിലേക്ക് പോകവേയാണ് അപകടം നടന്നത്.
കാല്നടയാത്രക്കാരന് റോഡു മുറിച്ചു കടക്കുന്നതിനിടയിലായിരുന്നു ലോറിയിടിച്ചത്. അപകടമുണ്ടായ ഉടനെ ഗുരുതരമായി പരിക്കേറ്റയാളെ അതേ ലോറിയില്‍ തന്നെ ബിജു ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ബിജുവിന്റെ മടിയില്‍ക്കിടന്ന് കാല്നടയാത്രക്കാരന് മരിച്ചു.
ഇത് ബിജുവിനെ വിഷമത്തിലാഴ്ത്തിയിരുന്നു. മാനസികവിഷമം കാരണം ബിജുവിന് വിഷാദരോഗം ബാധിച്ചിരുന്നു. തന്റെ മനഃപ്രയാസം ബിജു വീട്ടുകാരോട് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. ഇതാണ് ബിജുവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ബിജു അവിവാഹിതനാണ്. സഹോദരങ്ങള്‍: ബിന്‍സി, ബൈജു.