കോഴിക്കോട്: കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. തലശേരി പുന്നോലിലാണ് നടുക്കുന്ന സംഭവം. കൊരമ്പില്‍ താഴെ കുനിയില്‍ ഹരിദാസ് (54) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ നാലംഗ സംഘമാണ് വെട്ടിക്കൊന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
മത്സ്യത്തൊഴിലാളിയായ ഹരിദാസനെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ സംഘം വെട്ടുകയായിരുന്നു. ഹരിദാസിന്റെ ശരീരമാസകലം വെട്ടേറ്റു. ഒരു കാല് വെട്ടിമാറ്റിയ നിലയിലാണ്. ഹരിദാസന്റെ വീടിന് തൊട്ട് മുന്നില്‍ വച്ചാണ് കൊലപാതകം നടന്നത്.
ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ഉടനെ തലശേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഹരിദാസനു നേരെയുള്ള അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന് സുരനും വെട്ടേറ്റു.
കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ പ്രദേശത്ത് സി പി എം ബി ജെപി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദാസനു നേരെ ആക്രമണമുണ്ടായത്. തലശേരി നഗരസഭ ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറ് മണിവരെ നീളും.