കൊച്ചി: കേരളത്തിലെ പ്രളയദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കേരളത്തോട് രാഷ്ട്രീയ വൈര്യം പുലര്‍ത്തുന്നുവെന്ന് വിമര്‍ശിച്ച മുഖപ്രസംഗം ആര്‍എസ്എസ് പിന്‍വലിച്ചു. ഇതേക്കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസ് മലയാളം അന്വേഷിച്ചതിന് തൊട്ടുപിന്നാലെയാണ് അവര്‍ മുഖപ്രസംഗം പിന്‍വലിച്ചത്.
പ്രളയദുരന്തം നേരിട്ട കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ വൈര്യം വച്ച് പുലര്‍ത്തുന്നതായാണ് ആര്‍എസ്എസ് മുഖപത്രം കേസരിയുടെ വെബ്സൈറ്റില്‍ മുഖപ്രസംഗം എന്ന ഭാഗത്ത് പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് മര്യാദപൂര്‍വ്വം ഇടപെട്ടെന്നും അത് കേന്ദ്രസര്‍ക്കാര്‍ തിരിച്ച് കാണിച്ചില്ലെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി. എന്‍.ആര്.മധുവാണ് ഇപ്പോള്‍ കേസരിയുടെ എഡിറ്റര്‍.
‘ഇത്രയും നാളും നമ്മള് വിശ്വസിച്ച പ്രസ്ഥാനം നമ്മള് മലയാളികളോട് കാണിക്കുന്ന അവഗണന ഇനിയും തുറന്നു പറഞ്ഞില്ല എങ്കില്‍ അത് ആത്മ വഞ്ചനയാകും. ഞങ്ങള്‍ നിങ്ങളോടും, കേരളത്തോടും ഞങ്ങളോടു തന്നെയും ചെയുന്ന വഞ്ചന”, എന്നാണ് ഇതില്‍ പറയുന്നത്.
എന്നാല്‍ മുഖപ്രസംഗം ശ്രദ്ധയില്‍പെട്ട ഉടന്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളം കേസരി ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. മുഖപ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് എഡിറ്റര്‍ അവധിയിലാണ് എന്ന മറുപടിയാണ് ലഭിച്ചത്. അധികം വൈകാതെ തന്നെ മുഖപ്രസംഗം പിന്‍വലിക്കുകയും ചെയ്തു.
മതമല്ല രാഷ്ട്രമാണ് പ്രധാനം, എന്നാണ് രണ്ടാമത് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലെ തലക്കെട്ട്. ഇതിന് ശേഷം ബിജെപിയുടെ ദിനപത്രമായ ജന്മഭൂമിയുടെ ഓണ്‍ലൈനില്‍ കേസരി വെബ്സൈറ്റ് ഹാക്ക് ചെയ്തതായി വാര്‍ത്ത പ്രസിദ്ധീകരിച്ചു.
ആര്‍എസ്എസ് മുഖപത്രമായ കേസരിയുടെ ഓണ്‍ലൈന്‍ ഹാക്ക് ചെയ്തു. കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം നടത്തുന്ന മുഖപ്രസംഗം കുറച്ചു നേരത്തേക്ക് ഓണ്‍ലൈനില്‍ വന്നു. എന്നാല്‍ വൈകാതെ അപ്രത്യക്ഷമായി, എന്നാണ് വാര്‍ത്തയില്‍ പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന മുഖപ്രസംഗം അക്ഷരത്തെറ്റും ആവര്‍ത്തനവും ഉള്ളതാണ്, എന്ന് വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടുന്നു.
കേസരി വാരിക ഇറങ്ങുന്നത് ഇന്നാണ്. അതു കണക്കാക്കി ഓഗസ്റ്റ് 22-ാം തീയതി വച്ചാണ് മുഖപ്രസംഗം ചേര്‍ത്തിരിക്കുന്നത്. ഇറങ്ങുന്ന ദിവസം വാരിക ഓണ്‍ലൈനില്‍ കിട്ടാറില്ല,
എന്നാണ് ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയത്. അതേസമയം ഹാക്ക് ചെയ്തവര്‍ അക്കാര്യം ശ്രദ്ധിച്ചില്ലെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.