കൊല്ലം: അപകടം നടന്നപ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന പിതാവ് ഒരിക്കലും കരുതിയില്ല സ്വകാര്യ ബസിന്റെ ചക്രങ്ങള്ക്കടിയില്പെട്ടത് സ്വന്തം മകനാണെന്ന്. തന്റെ ജീവന്റെ ജീവനായ മകനാണു നിമിഷങ്ങള്‍ക്കു മുന്‍പു പൊലിഞ്ഞു പോയതെന്ന് ഒടുവില്‍ അറിഞ്ഞതോടെ ആ പിതാവിന്റെ മനസ്സും മരിച്ചിരുന്നു.
അഞ്ചുകല്ലുംമൂട് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ രാമന്‍കുളങ്ങര വരമ്പേല്‍ക്കട മില്ലേനിയം നഗര്‍ 55 കിണറുവിള പടിഞ്ഞാറ്റതില്‍ വീട്ടില്‍ ബി.ബാബുരാജിന്റെ മകന് ബി.രാഹുല്‍ (24) ആണ് വാഹനാപകടത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികനായ രാഹുല്‍ മരിച്ചത്.
നഗരത്തില്‍ മുളങ്കാടകത്തിനു സമീപത്തുവെച്ചായിരുന്നു അപകടം. ചവറ ഭാഗത്തു നിന്നു കൊല്ലം ഭാഗത്തേക്ക് അമിതവേഗത്തില്‍ വന്ന സ്വകാര്യബസ് രാഹുല്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. ചെറിയ അപകടമെന്തോ നടന്നുവെന്നേ ആ സമയം സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന ബാബു കരുതിയുള്ളൂ.
പിന്നാലെ ഈ റോഡില്‍ ഗതാഗതം നിലച്ചതോടെ 2 സ്ത്രീകള്‍ ബാബുരാജിന്റെ ഓട്ടോറിക്ഷ ഓട്ടം വിളിച്ചു. അപകടത്തെക്കുറിച്ചും മരിച്ചതു കോളജ് വിദ്യാര്‍ഥിയാണെന്നു തോന്നുന്നുവെന്നും സ്ത്രീകള്‍ പറയുന്നതും കേട്ടപ്പോള്‍ ബാബുവിന്റെ മനസ്സ് ഒന്നിടറി.
മകന് രാവിലെ ഇതുവഴിയാണല്ലോ രാവിലെ ബൈക്കില്‍ പോയത് എന്ന ചിന്തയായതോടെ ആകെയൊരു വെപ്രാളം. ഇടറുന്ന മനസ്സുമായി ബാബുരാജ് ഓട്ടം പൂര്‍ത്തിയാക്കി. തിരിച്ചു സ്റ്റാന്‍ഡിലെത്തിയപ്പോള്‍ കലങ്ങിയ കണ്ണുകളുമായി സുഹൃത്തുക്കള്‍ കാത്തുനില്‍ക്കുന്നത് കണ്ട് ബാബുരാജ് വല്ലാതെ പേടിച്ചു.
പിന്നാലെ തന്റെ മകനാണു തൊട്ടകലെ മരിച്ചുകിടക്കുന്നതെന്ന് ബാബുരാജ് നടുക്കത്തോടെ തിരിച്ചറിഞ്ഞു. അപകടമുണ്ടായി അഞ്ചു മിനിറ്റിലധികം കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാന്‍ വണ്ടി ലഭിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി.
എംകോം പൂര്‍ത്തിയാക്കിയ ശേഷം സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ജോലിക്കൊപ്പം ബാങ്ക് പരീക്ഷയ്ക്കു പരിശീലനവും നടത്തിവരികയായിരുന്ന രാഹുല്‍ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി ഓട്ടോഡ്രൈവറായി ജോലി നോക്കുന്ന ബാബുരാജും കുടുംബവും വാടക വീട്ടിലാണു താമസം. രാഹുലിന്റെ അമ്മ: സിന്ധു. സഹോദരന്: രാജേഷ്.