കോട്ടയം: പോക്സോ കേസ് പ്രതിയായ യുവാവിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മണർകാട് മാലം ചെറുകരയിൽ അനന്ദുവിനെയാണ് അയർക്കുന്നത്തെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് അനന്ദുവിനെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
വീട്ടുകാർ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സോഷ്യൽ മീഡിയ വഴി പരിചയത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിലാണ് അനന്ദു അറസ്റ്റിലായത്.
മൊബൈൽഫോണിൽ പകർത്തിയ പീഡന ദൃശ്യങ്ങൾ യുവാവ് കുട്ടിയുടെ പിതാവിന് അയച്ചു കൊടുത്തിരുന്നു. ശേഷം, പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസിൽ റിമാൻഡിലായിരുന്ന യുവാവ് ദിവസങ്ങൾക്കു മുൻപാണ് ജാമ്യത്തിലിറങ്ങിയത്.