കൊടുങ്ങല്ലൂര്‍: സ്ഥിരമായി ലോട്ടറി വില്‍ക്കുന്ന സ്ഥലത്ത് നിന്ന് മാറിയിരുന്നതോടെ രതീഷിന് തിരികെ കിട്ടിയത് ജീവിതം. നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാറിനടിയില്‍ പെടാതെ രതീഷ് രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ ഞെട്ടലില്‍ നിന്നും ആനാപ്പുഴ കക്കമാടന്‍ തുരുത്ത് നെയ്യകത്തോട് രതീഷ് ഇനിയും മുക്തനായിട്ടില്ല.
ഈ ഭാഗ്യക്കുറി വില്പനക്കാരന് ഇന്നലെ സ്വന്തം ജീവിതം മാത്രമല്ല, മകന്റെ ജീവിതവും കൈവിട്ടു പോകാതെ തിരികെക്കൊടുത്തു ഭാഗ്യം. പതിവുപോലെ മകന് ആദിത്യ കൃഷ്ണയ്ക്കൊപ്പം ആനാപ്പുഴ അഞ്ചങ്ങാടി ജംക്ഷനില്‍ രാവിലെ 10ന് എത്തിയ രതീഷ് മാസങ്ങളായി സ്ഥിരം ലോട്ടറി വില്ക്കാന് ഇരിക്കുന്ന സ്ഥലത്തുനിന്ന് ഒരു മീറ്റര്‍ മാറിയാണ് ഇന്നലെ ഇരുന്നത്.
also read: സ്വര്‍ണ്ണവില മുകളിലേക്ക്, ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍, ഇന്നത്തെ വില അറിയാം
പൊടുന്നനെയാണ് കൃഷ്ണകോട്ട ഭാഗത്തുനിന്നു കാര്‍ പാഞ്ഞുവന്നതും മരത്തിലിടിച്ചതും. താന്‍ പതിവായി ഇരിക്കാറുള്ള സ്ഥലത്തുകൂടി പാഞ്ഞുചെന്നാണ് കാര്‍ മരത്തില്‍ ഇടിച്ചത്. ഓടിക്കൂടിയവരെല്ലാം ആദ്യം രതീഷിനെ കാറിനടിയില്‍ നോക്കി. പക്ഷേ, രതീഷ് പ്രാര്‍ഥനയോടെ തൊട്ടടുത്തു നില്ക്കുന്നു.
അച്ഛന്റെ സഹായിയായി കൂടെയെത്തിയ മകന്റെ സൈക്കിള്‍ മാത്രം ഇടിയില്‍ തെറിച്ചുവീണു. ഒരു മീറ്റര്‍ മാറിയിരിക്കാന്‍ തോന്നിച്ചതിലൂടെ തിരികെക്കിട്ടിയത് 2 ജീവനുകളാണ്. മകന് ആദിത്യയെയും കൂട്ടിയാണ് രതീഷ് ലോട്ടറി വില്‍പ്പനയ്ക്ക് എത്തുക. ലോട്ടറി സ്റ്റാന്‍ഡില്‍ എടുത്തു വച്ച ശേഷം മകന് തിരികെപ്പോകും.
ഇന്നലെ മകന് മടങ്ങിപ്പോകും മുന്‍പായിരുന്നു അപകടം. ഇടുപ്പെല്ല് ദ്രവിക്കുന്നതിനാല്‍ 3 വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു രതീഷ്. മാര്‍ബിള്‍ തൊഴിലാളിയായിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ശസ്ത്രക്രിയയ്ക്കു വിധേയനായി. തുടര്‍ചികിത്സയും വീണ്ടും ശസ്ത്രക്രിയയും വേണം. സുഹൃത്തുക്കളുടെയും സേവാഭാരതിയുടെയും സഹായത്താലാണു ചികിത്സ തുടരുന്നത്.