പണ്ടുമുതലേ പല വിശ്വാസ രീതികളും മനുഷ്യര്‍ക്കിടയിലുണ്ട്. പ്രകൃതിയെ ആരാധിക്കുന്നവരായിരുന്നു ആദ്യകാലത്തെ മനുഷ്യര്‍. കാറ്റിനെയും ഇടിമിന്നലിനെയും ആരാധിച്ച് തുടങ്ങിയ മനുഷ്യന് തന്റെ ഉള്ളിലുള്ള ഭയത്തെ മറികടക്കാനുള്ള ഉപാധിയായി വിശ്വാസത്തെ കണ്ടു.
പലദൈവങ്ങളിലും വിശ്വസിക്കുന്ന മനുഷ്യരുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി കൗതുകം നിറഞ്ഞ പല വിശ്വാസങ്ങളും ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതിലൊന്നാണ് ഉറുമ്പിനെ ആരാധിക്കുന്ന ക്ഷേത്രവും ഉറുമ്പച്ചന്‍ പ്രതിഷ്ഠയും.
സംഭവം കേട്ടാല്‍ എവിടെയാണെന്ന് ചോദിക്കുന്നവര്‍ അത് കണ്ണൂരിലാണെന്ന് കേട്ടാല്‍ ആദ്യമൊന്നു സംശയത്തോടെ നോക്കും. കണ്ണൂരിലെ തോട്ടടയില്‍ കുറ്റിക്കകം എന്ന ഗ്രാമത്തിലാണ് ഉറുമ്പിനെ ആരാധിക്കുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 400 വര്‍ഷത്തിന്റെ ചരിത്രമാണ് ഈ ക്ഷേത്രത്തിന് പറയാനുള്ളത്.
ഉറുമ്പച്ചന്‍ കോട്ടം എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത് തന്നെ. ക്ഷേത്രം ആയി നിലകൊള്ളുന്നുവെങ്കിലും സാധാരണഗതിയിലുള്ള ഒരു ക്ഷേത്രത്തിന്റെ ഘടനയൊന്നും ഇവിടെ കാണാന്‍ കഴിയില്ല. വൃത്താകൃതിയിലുള്ള ഒരു തറയിലാണ് പ്രതിഷ്ഠയുള്ളത്.
സത്യത്തില്‍ ഉറുമ്പച്ചന്‍ ക്ഷേത്രത്തിന്റെ സ്ഥാനത്ത് ഒരു ഗണപതി ക്ഷേത്രമായിരുന്നു നിര്‍മ്മിക്കാനിരുന്നത്. അങ്ങനെ ഗണപതി ക്ഷേത്രം നിര്‍മ്മിക്കാന്‍ കുറ്റിയടിച്ചു. എന്നാല്‍ പിറ്റേ ദിവസം കുറ്റിയടിച്ചിരുന്ന സ്ഥാനത്ത് കണ്ടത് ഉറുമ്പിന്റെ കൂടായിരുന്നു.
അടിച്ച് വച്ച കുറ്റിയാകട്ടെ കുറച്ചകലെ മാറി കിടക്കുന്നു. ഇതോടെ അവിടം ഉറുമ്പ് പൂജ നടത്താന്‍ തുടങ്ങിയെന്ന് പറയപ്പെടുന്നു. കുറ്റി കിടന്ന സ്ഥലത്ത് ഗണപതി ക്ഷേത്രവും നിര്‍മ്മിച്ചുവെന്നാണ് ഐതീഹ്യം. എന്തായാലും വീട്ടില്‍ ഉറുമ്പുകളുടെ ശല്യം കൊണ്ട് പൊരുതി മുട്ടിയവര്‍ ഉറുമ്പച്ചനെ വന്ന് കണ്ട് തൊഴുത് മടങ്ങുന്നു.
മാത്രമല്ല, വിശ്വാസികള്‍ക്കായി ക്ഷേത്രത്തില്‍ പൂജയും വഴിപാടുകളും നടത്താറുണ്ട്. ഈ ക്ഷേത്രത്തെക്കുറിച്ച് കേട്ട് പല ദിക്കുകളില്‍ നിന്നും വിശ്വാസികള്‍ എത്താറുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.