കോഴിക്കോട്: മീഡിയ വൺ ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലം തടഞ്ഞു. സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചാണ് നടപടി. സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള തീരുമാനത്തിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം തയ്യാറായിട്ടില്ലെന്നും ഉത്തരവിനെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ചാനൽ അധികൃതർ അറിയിച്ചു.
നേരത്തെ ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട് മീഡിയ വൺ ചാനലിന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം 48 മണിക്കൂർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. കേബിൾ നെറ്റ് വർക്ക് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് വിലക്ക് ഏർപ്പെടുത്തിയത്.
എഡിറ്ററുടെ കുറിപ്പ്:
പ്രിയപ്പെട്ട പ്രേക്ഷകരേ…
മീഡിയവണിന്റെ സംപ്രേഷണം കേന്ദ്രാ വാർത്താവിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ഉത്തരവിനെതിരെ മീഡിയവൺ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിന്റെ പൂർണ നടപടികൾക്ക് ശേഷം മീഡിയവൺ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തും. നീതി പുലരുമെന്ന പ്രതീക്ഷയോടെ തൽക്കാലം സംപ്രേഷണം ഇവിടെ നിർത്തുന്നു.
പ്രമോദ് രാമൻ
എഡിറ്റർ, മീഡിയവൺ