തിരുവനന്തപുരം: കൈവിലങ്ങുമായി പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി. കഞ്ചാവ് കേസിലെ പ്രതിയായ ഒഡീഷ നയാഗ്ര ജില്ലയിലെ രാംപൂര്‍ സ്വദേശിയായ കൃഷ്ണചന്ദ്ര സ്വയിന് (23) ആണ് കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ നിന്നും വിലങ്ങുമായി രക്ഷപ്പെട്ടത്.
ഇന്നലെ രാത്രി ഒരുമണിയോടെയാണ് ഇയാള്‍ ഓടി രക്ഷപ്പെട്ടത്. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് ഇയാളെ ചിറ്റാറ്റുമുക്ക് ഭാഗത്തു നിന്ന് കഞ്ചാവുമായി പൊലീസ് പിടികൂടിയത്. കഞ്ചാവ് വില്‍പ്പനക്കാരനായ ഇയാളില്‍ നിന്ന് ഒരു കിലോയോളം കഞ്ചാവ് കണ്ടെത്തിയിരുന്നു.
also read: ബുധനാഴ്ച്ച വരെ അറസ്റ്റില്ല, ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ മാറ്റി
ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെ ഇന്നലെ രാത്രി ഭക്ഷണം കഴിക്കാനായി ഒരു കൈയിലെ വിലങ്ങഴിച്ചപ്പോള്‍ പൊലീസിനെ തള്ളി മാറ്റി സ്റ്റേഷന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി തിരുവനന്തപുരം സിറ്റിയിലും റൂറലിലും വ്യാപക പരിശോധനയാണ് പൊലീസ് നടത്തിയത്.
ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ രാത്രി മുതല്‍ പൊലീസ് തെരച്ചില്‍ ആരംഭിച്ചിരുന്നു. മുരുക്കുംപുഴയിലെ താബൂക്ക് കമ്പനിയില്‍ ഇയാള്‍ എത്തിയതായി വിവരം ലഭിച്ച പൊലീസ് ഇവിടം വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. കഴക്കൂട്ടം സ്റ്റേഷനിലെത്തിച്ച ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.