വൈക്കം: മദ്യപിച്ചെത്തി അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ മകന് അറസ്റ്റില്‍. വൈക്കപ്രയാര്‍ കണിയാംതറ താഴ്ച വീട്ടില്‍ പരേതനായ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനിയാണ് മരണപ്പെട്ടത്. 76 വയസ്സായിരുന്നു. സംഭവത്തില്‍ മകനായ ബൈജുവിനെ പോലീസ് അറസ്റ്റുചെയ്തു.
ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണ് സംഭവം. മദ്യലഹരിയിലെത്തിയ ബൈജു മന്ദാകിനിയെ ചെടിച്ചട്ടി കൊണ്ട് അടിക്കുകയായിരുന്നു, ശേഷം മരണം ഉറപ്പാക്കാന്‍ വീടിന് സമീപത്തെ തോട്ടില്‍ ചവിട്ടിതാഴ്ത്തുകയും ചെയ്തു. ക്രൂരത കണ്ടുനില്‍ക്കാനാവാതെ സമീപവാസികള്‍ ഓടിയെത്തിയെങ്കിലും അവരെ ബൈജു അരിവാള്‍ വീശി വിരട്ടിയോടിക്കുകയും ചെയ്തു.
also read: കോവിഡ് വ്യാപനം; കേരളത്തില്‍ ഇന്ന് ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍
തുടര്‍ന്ന് കൂടുതല്‍ പേരെത്തിയാണ് യുവാവിനെ കീഴ്പ്പെടുത്തിയത്. എല്ലാവരും ചേര്‍ന്ന് മന്ദാകിനിയെ കരയ്ക്കെത്തിച്ച് വൈക്കം താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബൈജു മദ്യപിച്ചു ബഹളമുണ്ടാക്കുന്നത് പതിവു സംഭവമാണെന്നു നാട്ടുകാര്‍ പറയുന്നു. തടിപ്പണിക്കാരനായ ഇയാള്‍ അവിവാഹിതനാണ്.