എറണാകുളം: ഓൺലൈനായി വാച്ച് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് വെള്ളം നിറച്ച കോണ്ടം. എറണാകുളത്തെ കരുമാലൂരിലാണ് സംഭവം. സംഭവത്തെ തുടർന്ന് കൊറിയറുമായി എത്തിയ ജീവനക്കാരെ തടഞ്ഞുവെച്ചു. കരുമാലൂർ തട്ടാംപടി സ്വദേശി അനിൽകുമാറിനെയാണ് കബളിപ്പിക്കാൻ ശ്രമിച്ചത്. രണ്ട് ദിവസം മുമ്പാണ് അനിൽകുമാർ ഓൺലൈനായി 2200 രൂപയുടെ വാച്ച് ഓർഡർ ചെയ്തത്.
ശനിയാഴ്ച ഉച്ചക്ക് കൊറിയറുമായി രണ്ട് യുവാക്കൾ വീട്ടിലെത്തുകയും ചെയ്തു. കൊറിയറുമായി എത്തിയ യുവാക്കൾക്ക് അനിൽകുമാർ പണവും നൽകി. പൊതിക്ക് അസാധാരണമായ ഭാരം തോന്നി. സംശയം തോന്നിയതിനാൽ സാധനം കൊണ്ടുവന്നവരുടെ മുന്നിൽവെച്ച് തന്നെ അനിൽകുമാർ പേക്കറ്റ് പൊട്ടിച്ച് തുറന്ന് നോക്കി.
അപ്പോഴാണ് വാച്ചിന് പകരം കോണ്ടത്തിൽ വെള്ളം നിറച്ചതാണ് പേക്കറ്റിലെന്ന് വ്യക്തമായത്. ഉടൻ തന്നെ യുവാക്കളെ തടഞ്ഞുവെച്ച് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഓൺലൈൻ കമ്പനിയാണോ കൊറിയർ ഏജൻസിയാണോ പരാതിക്കാരനെ കബളിപ്പിച്ചത് എന്നറിയാൻ അന്വേഷേണം നടത്തി വരികയാണ്.