അമ്പലവയൽ: വയനാട് അമ്പലവയലിൽ ഭാര്യക്കും മകൾക്കും നേരെ ആസിഡ് ഒഴിച്ചു. ഗുരുതരമായി പരിക്കേറ്റ നിജിത, മകൾ അളകനന്ദ (12) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിജിതയുടെ ഭർത്താവ് സനലാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. അമ്പലവയൽ ഫാന്റം റോക്കിന് സമീപം കട നടത്തിവരികയായിരുന്നു നിജിത. ഇവിടെ വെച്ചാണ് ആക്രമണം നടന്നത്. നാട്ടുകാരാണ് ഇവരെ പരിക്കറ്റ നിലയിൽ കണ്ടത്. അപ്പോഴേക്കും സനൽ ബൈക്കിൽ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.
പോലീസ് ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കി. നിജിതയും സനലും അകന്നു കഴിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി സനൽ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച് ശനിയാഴ്ച രാവിലെ നിജിത പോലീസ് പരാതി നൽകിയിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം.