കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ. വിധി കേട്ട് ഫ്രാങ്കോ കോടതി മുറിക്ക് പുറത്ത് പൊട്ടിക്കരഞ്ഞു. സഹോദരങ്ങളെ കെട്ടിപ്പിടിച്ചു കരഞ്ഞ ഇയാൾ ഏറെ സന്തോഷത്തോടെയാണ് കോടതിക്ക് പുറത്തേക്ക് വന്നത്. കോടതിയിടെ പിൻവാതിലിലൂടെയായിരുന്നു ഫ്രാങ്കോ മുളയ്ക്കൽ അകത്തേക്ക് പ്രവേശിച്ചത്.
വിധിക്ക് ശേഷം കോടതിക്ക് പുറത്തെത്തിയ ഫ്രാങ്കോ ‘ദൈവത്തിന് സ്തുതി’യെന്ന് മാത്രമായിരുന്നു പ്രതികരിച്ചത്. കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയെന്ന് ഒറ്റവരിയിലായിരുന്നു കോടതി വിധി. തൊട്ടുപിന്നാലെ സഹോദരങ്ങൾ ഉൾപ്പെടെയുള്ളവർക്കൊപ്പം ഫ്രാങ്കോ മുളയ്ക്കൽ കോടതിക്ക് പുറത്തേക്കിറങ്ങി.
വിധി സംബന്ധിച്ച പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് ‘ദൈവത്തിന് സ്തുതി’ എന്ന ഒറ്റവാക്കു മാത്രമായിരുന്നു പ്രതികരണം. കൂടുതൽ പ്രതികരണങ്ങൾക്ക് തയ്യാറാകാതെ കാറിൽ കയറി മടങ്ങി. ഫ്രാങ്കോ മുളയ്ക്കലിന്റെ അനുയായികളുടെ വലിയ ആരവവും പ്രാർഥനകളും കോടതിക്ക് പുറത്ത് മുഴങ്ങുന്നുണ്ടായിരുന്നു.