ആലുവ: പ്രളയകെടുതി ഒഴിഞ്ഞ് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് തിരിച്ചെത്തിയ വീട്ടിലെ അനുഭവം പങ്കുവെച്ച് ഗൃഗനാഥ. ആലുവ ദേശം കവലയിലെ വീട്ടിലെ അനുഭവമാണ് യുവതി പങ്കുവെയ്ക്കുന്നത്. പ്രളയത്തില്‍ വീട് താറുമാറായെങ്കിലും തന്റെ ഭര്‍ത്താവിനെയും മക്കളെയും ജീവനോടെ കാണാന്‍ സാധിച്ചത് ഏറെ സന്തോഷവതിയാക്കിയെന്നും വീട്ടമ്മ പ്രതികരിച്ചു. അഞ്ചാം ദിനമാണ് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. ഭര്‍ത്താവും രണ്ടു മക്കളും വേറെ ക്യാമ്പുകളിലാണ് താമസിപ്പിച്ചിരുന്നത്.
കഴുത്തൊപ്പം വെള്ളമെത്തിയപ്പോഴാണു വഞ്ചിയില്‍ ക്യാംപിലേക്കു കൊണ്ടുപോയത്. മൊബൈല്‍ ഫോണ്‍ പോലും കൈയിലുണ്ടായിരുന്നില്ല. വീടിനുള്ളില്‍നിന്നു മാത്രം 35 പാമ്പുകളെയാണു കൊന്നത്. ഇനിയും ഇവയുണ്ടോ എന്നറിയില്ല. വാതിലിലും ഗ്യാസ് കുറ്റിയിലും പാത്രങ്ങളിലുമെല്ലാം പാമ്പുണ്ടായിരുന്നു. തറയില്‍ നിറയെ കുതിര്‍ന്ന അരി കിടപ്പുണ്ടായിരുന്നു. ശനിയാഴ്ച 50 കിലോയുടെ അരിച്ചാക്കുമായി ഭര്‍ത്താവു വന്നുകയറിയതാണ്. പക്ഷേ, മുഴുവനും കുതിര്‍ന്നുവീര്‍ത്ത്, തറയിലെ ചെളിയില്‍ കിടക്കുന്നു. ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെ വീടു വെള്ളത്തിനടിയിലായിരുന്നു. ഇന്നലെ വെയില് വന്നപ്പോള്‍ വെള്ളമിറങ്ങി.
പക്ഷേ, സഹിക്കാനാകാത്ത ദുര്‍ഗന്ധം വീട്ടില്‍ നിലനില്ക്കുന്നു. പത്തുതവണ കഴുകിയാലും വീട്ടില്‍ കയറി താമസിക്കാനാകുമോ എന്ന് അറിയില്ല. ടിവിയും ഫ്രിജും വാഷിങ് മെഷീനും മിക്സിയും എല്ലാം നശിച്ചു. മരപ്പണിക്കാരനായ ഭര്‍ത്താവ് 15 വര്‍ഷം ഗള്‍ഫില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ടു വാങ്ങിയതാണിതെല്ലാം. വീടിന്റെ പണി മുഴുവന്‍ തീര്‍ന്നിട്ടില്ല. ലോണ്‍ ഒരുപാടു ബാക്കിയടയ്ക്കാനുണ്ട്. ഭര്‍ത്താവിന്റെ പണിയായുധങ്ങള്‍ എല്ലാം നശിച്ചു. എന്റെ തയ്യല്‍ മെഷീനും പോയി. സ്റ്റീല്‍ അലൂമിനിയം പാത്രങ്ങളല്ലാതെ ഒന്നും ഇനി ഉപയോഗിക്കാന്‍ കൊള്ളില്ല. എല്ലാം ആദ്യം മുതല്‍ തുടങ്ങണം.
ശുചിമുറി ചെളി കയറി അടഞ്ഞു. സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ഒഴുകിയതു കിണറ്റിലേക്കു പടര്‍ന്നിട്ടുണ്ട്. വീടു വൃത്തിയായി കഴുകിയിട്ടുവേണം കിണര്‍ വറ്റിക്കാന്‍. മോട്ടോറും പമ്പും കേടായതിനാല്‍ ആരുടെയെങ്കിലും സഹായം തേടേണ്ടി വരും. ക്ലോറിനും ഫിനോയിലും ക്യാംപില്‍ വിതരണം ചെയ്തിരുന്നു. സോപ്പ് പൊടി ഇട്ടു കഴുകിയ ശേഷം അണുനാശിനി ഉപയോഗിച്ചു കഴുകണം. ക്യാംപില്‍നിന്നു നേരെ പോന്നതാണ്. വീട്ടില്‍ ഭക്ഷണവും വെള്ളവുമൊന്നുമില്ല. എങ്കിലും സാരമില്ല, എത്രയം വേഗത്തില്‍ വൃത്തിയാക്കിയെടുക്കണമെന്ന ആഗ്രഹമേ എനിക്കുള്ളു. മാറാന്‍ വേറെ വസ്ത്രങ്ങളില്ല.
വീട്ടിലെ അഴുക്കു മുഴുവന്‍ വസ്ത്രങ്ങളിലായി. ഇട്ടിരിക്കുന്ന തുണികള്‍ ക്യാംപില്‍നിന്ന് കിട്ടിയതാണ്. മക്കളുടെ പാസ്പോര്‍ട്ടും വീട്ടിലെ രേഖകളും നശിച്ചു. രേഖകളെല്ലാം സര്‍ക്കാര്‍ ശരിയാക്കിത്തരുമെന്ന് ക്യാംപില്‍ പറയുന്നതു കേട്ടു. പക്ഷേ, എന്റെ മക്കളുടെ സര്‍ട്ടിഫിക്കറ്റുകളൊക്കെ നശിച്ചുപോയതു കാണുമ്പോള്‍ ചങ്കു തകരുന്നുണ്ട്. പഠിച്ചും പാടിയും പടം വരച്ചും ഓടിയും നേടിയ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു തരാന്‍ ആര്‍ക്കും കഴിയില്ലല്ലോ… വീട്ടമ്മ നിറകണ്ണുകളോടെ പറഞ്ഞു.