ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് അമ്മയെ മദ്യലഹരിയിൽ തല്ലിചതച്ച് സൈനികനായ മകൻ. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ നിറഞ്ഞു കഴിഞ്ഞു. സൈനികനായ സുബോധാണ് മദ്യലഹരിയിൽ അമ്മ ശാരദയെ ക്രൂരമായി മർദ്ദിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സുബോധിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. സുബോധിന്റെ സഹോദരൻ സുകുവാണ് ആക്രമണത്തിന്റെ വീഡിയോ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ശാരദയും രോഗിയായ ഭർത്താവും സുകുവുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. അവധിക്ക് നാട്ടിൽ വന്നതാണ് സുബോധ്.
ചൊവ്വാഴ്ച്ച വൈകുന്നേരം മദ്യപിച്ചെത്തി അമ്മയുടെ മാലയും വളയും ഊരി മാറ്റാൻ സുബോധ് ശ്രമിച്ചിരുന്നു. എഴുപതുകാരിയായ ശാരദ ഇതിനെ ചെറുത്തിരുന്നു. തുടർന്നാണ് ക്രൂരമായി മർദ്ദിച്ചത്. അവധിക്ക് വീട്ടിൽ എത്തുമ്പോഴെല്ലാം ഇയാൾ അമ്മയെ മർദ്ദിക്കാറുണ്ടെന്ന് അയൽവാസികൾ വ്യക്തമാക്കുന്നു.