തിരുവനന്തപുരം: പ്രളയ ഭീതി ഒഴിഞ്ഞുവെങ്കിലും സംസ്ഥാനത്ത് തമ്പടിച്ച് കരസേന. സംസ്ഥാന സര്‍ക്കാര്‍ മടങ്ങിപ്പോകാന്‍ നിര്‍ദേശിക്കും വരെ കേരളത്തില്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും തുടരുമെന്നും കരസേന മേധാവി വ്യക്തമാക്കി.
1500 സൈനികര്‍ ഇപ്പോഴും വിവിധ ഭാഗങ്ങളില്‍ സജീവമായി രംഗത്തുണ്ടെന്നും കരസേന ദക്ഷിണ മേഖലാ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ ഡിആര്‍ സോണി പറയുന്നു. 70 സംഘങ്ങളായാണ് കരസേന പ്രവര്‍ത്തിക്കുന്നത്. ഇനിയും ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ രംഗത്തിറക്കും. റോഡുകള്‍ ഗതാഗത യോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും സൈന്യം തുടരുകയാണ്.
ദുരന്തമേഖലകളിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലും സൈന്യം പങ്കാളിയാകും. ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തിനു സൈന്യം സജ്ജമാണ്. സമീപകാലത്തെ ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തനമാണ് കേരളത്തില്‍ നടത്തുന്നത്. ജനങ്ങള്‍ പൂര്‍ണമായി സൈന്യത്തോടു സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.