തിരുവനന്തപുരം: വർക്കല മേൽവെട്ടൂരിൽ മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പരവൂർ സ്വദേശിയായ സുബി എന്ന് വിളിക്കുന്ന വികാസ് ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വർക്കല എസ്.എ മിഷൻ കോളനിക്ക് സമീപം ഉദയ നഗറിലാണ് സംഭവം.
വീടിന്റെ പാർശ്വഭിത്തി നിർമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് പണിയെടുത്തുകൊണ്ടിരുന്ന സുബിയുടെയും ഉണ്ണിയുടെയും ദേഹത്തേക് വീഴുകയായിരുന്നു. മതിൽ നിർമിക്കുന്നതിനിടെ വലിയൊരു മൺകൂന ഇടിഞ്ഞ് വീഴുകയായിരുന്നു. പരവൂർ സ്വദേശികളാണ് ഇരുവരും. പുറത്തെത്തിച്ചപ്പോഴേക്കും സുബി മരണപ്പെട്ടിരുന്നു. ഉണ്ണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ചികിത്സയിൽ തുടരുകയാണ്.
അപകടത്തിൽപ്പെട്ടവരുടെ ശരീരത്തേക്ക് അഞ്ചടിയോളമാണ് മണ്ണ് വീണത്. അതുകൊണ്ട് തന്നെ ഉണ്ണിയുടെ ആരോഗ്യനിലയിൽ ആശങ്കയുമുണ്ട്. ആറ് പേരാണ് നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്. ഇതിലാണ് രണ്ട് പേർ അപകടത്തിൽപ്പെട്ടത്.