തിരുവനന്തപുരം: തിരുവനന്തപുരം തൊളിക്കോട് ഗ്രാമപഞ്ചായത്ത് യോഗത്തിനിടെ തമ്മിൽത്തല്ലി അംഗങ്ങൾ. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധിച്ചു. യുഡിഎഫ് അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പെട്രോളൊഴിച്ച അൻസർ തോട്ടുമുക്കിനെ മറ്റ് അംഗങ്ങൾ അനുനയിപ്പിക്കുകയായിരുന്നു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അൻസാർ തോട്ടുമുക്ക് ശരീരത്തിൽ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. യോഗത്തിന്റെ തുടക്കം മുതൽ ഏറെനേരം സംഘർഷാവസ്ഥ നിലനിന്നു. പഞ്ചായത്ത് യോഗങ്ങളിലെടുക്കുന്ന തീരുമാനമല്ല പഞ്ചായത്ത് നടപ്പിലാക്കുന്നതെന്നാണ് യുഡിഎഫ് അംഗങ്ങളുടെ ആരോപണം.
എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി യോഗങ്ങളിലെടുക്കുന്ന തീരുമാനങ്ങൾ മിനിട്സിൽ പോലും രേഖപ്പെടുത്താതെ നടപ്പാക്കുന്നതിൽ വീഴ്ചവരുത്തുന്നുണ്ടെന്നും യുഡിഎഫ് അംഗങ്ങൾ ആരോപിച്ചിരുന്നു.
ഇന്ന് യോഗം തുടങ്ങുമ്പോൾ ആരോപണവുമായി യുഡിഎഫ് അംഗങ്ങൾ രംഗത്തുവരുകയായിരുന്നു. ഇതിനിടെയാണ് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അൻസർ തോട്ടുമുക്ക് ശരീരത്തിൽ പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്.