കൊച്ചി: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമാണ് കേരളം നേരിടുന്നത്. ഇത്ര വലിയ ദുരന്തം നേരിടുമ്പോഴും എല്ലാവരും മതവും രാഷ്ട്രീയമുതലെടുപ്പും നടത്താതെ ഒന്നിച്ചു നിന്നാണ് നേരിടുന്നത്. എന്നാല്‍ ഈ അവസരങ്ങളിലും ശക്തമായ നടപടികളിലൂടെ ശ്രദ്ധ നേടുകയാണ് രണ്ട് ജില്ലാ കലക്ടര്‍മാര്‍.
ഈ അവസരത്തിലും ചുരുക്കം പേര് രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരില്‍ മുതലെടുക്കാനും ശ്രമിക്കുന്നു. ഇക്കാര്യത്തില്‍ കര്‍ശനമായി നടപടി സ്വീകരിച്ചിരിക്കുകയാണ് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫീറുള്ള.
രാഷ്ട്രീയവും മതവും ക്യാമ്പില്‍ വേണ്ടെന്നും രാഷ്ട്രീയ- മത സംഘടനകളുടെ ബോര്‍ഡുകള്‍ ക്യാമ്പില്‍ അനുവദിക്കില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. അത്തരത്തിലുള്ള ബോര്‍ഡുകള്‍ എവിടെയെങ്കിലും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവ നീക്കം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാമ്പില്‍ ഒരു തരത്തിലുള്ള ചേരിതിരിവും ഉണ്ടാവാതിരിക്കാനാണ് ഈ ഉത്തരവ്.
അതേസമയം, പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ ക്യാമ്പ് വാസം ആവശ്യമില്ലെന്നും അറിയിപ്പുണ്ട്.
കൂടാതെ, ദുരിതാശ്വാസ ക്യാമ്പിലേക്ക് ശേഖരിച്ച അവശ്യസാധനങ്ങള്‍ സൂക്ഷിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഹാള്‍ തുറന്നുനല്‍കാന്‍ വിസമ്മതിച്ചതിനാല്‍ പൂട്ട് പൊളിച്ച് സാധനങ്ങള്‍ സൂക്ഷിച്ച് പുതിയ പൂട്ടിട്ട് പൂട്ടി താരമായി മാറിയിരിക്കുകയാണ് തൃശ്ശൂര്‍ കലക്ടര്‍ ടിവി അനുപമ.