തിരുവനന്തപുരം: സംസ്ഥാനം ഇത്രയും വലിയ ദുരന്തത്തെ അഭിമുഖീകരിക്കുമ്പോള്‍ മന്ത്രി പദത്തിലുള്ള വ്യക്തി വിദേശ പര്യടനം നടത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജര്‍മനിയില്‍ നിന്ന് തിരിച്ചെത്തിയ മന്ത്രി രാജു വിശദീകരണവുമായി രംഗത്തെത്തി. ജര്‍മനിയില്‍ പോയതിന് രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രി പറയുന്നത്.
വൈകുന്നേരം ആറു മണിയോടെയാണ് മന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. താന്‍ ജര്‍മനിയിലേക്ക് പോകുന്ന സമയത്ത് മഴ ഉണ്ടായിരുന്നില്ലെന്ന് മന്ത്രി പറയുന്നു. പാര്‍ട്ടിയുടെ അനുമതിയോടെയാണ് പോയത്. മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ജര്‍മനിയില്‍ ലോക മലയാളി ഫെഡറേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് പോയത്. ഇവിടെയുള്ള മലയാളികളുടെ സഹോദരങ്ങള്ത്തന്നെയാണ് അവിടെയുമുള്ളതെന്നും അവര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് പോയതെന്നും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ പ്രവര്വര്ത്തനങ്ങളില് കോട്ടയം ജില്ലയുടെ ചുമതല തനിക്കുണ്ടായിരുന്നതായി മന്ത്രി സമ്മതിച്ചു. എന്നാല്‍ വിദേശ യാത്ര തെറ്റായിപ്പോയതായി കരുതുന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക മലയാളി ഫെഡറേഷന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഓഗസ്റ്റ് 16ന് ആണ് മന്ത്രി ജര്‍മനിയിലേക്ക് പോയത്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് കടുത്ത മഴയും പ്രളയവും മൂലം ജനങ്ങള്‍ ദുരിതത്തിലായിരുന്നു. മന്ത്രിയുടെ സന്ദര്‍ശനം വിവാദമായതോടെ അദ്ദേഹത്തെ സിപിഐ തിരികെ വിളിച്ചു.
എന്നാല്‍ വിമാനം ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ തിരിച്ചുള്ള യാത്ര വൈകിയിരുന്നു. സംസ്ഥാനം പ്രളയ കെടുതി നേരിടുമ്പോള്‍ മന്ത്രി രാജു വിദേശത്ത് പോയത് ശരിയായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞിരുന്നു. മന്ത്രിക്കെതിരെ നടപടി വേണോ എന്ന കാര്യം പാര്‍ട്ടി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.