കല്‍പ്പറ്റ: വയനാട്ടില്‍ വയോധികന് തലയ്ക്ക് അടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതി ഭാര്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മാനികാവിലാണ് സംഭവം. മാനികാവ് വിക്രംനഗര്‍ സ്വദേശി ദാമോദരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ലക്ഷ്മിക്കുട്ടി പട്ടിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി ദാമോദരനെ വീടിന് സമീപത്തെ പണിശാലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തോളമായി ലക്ഷ്മിക്കുട്ടിയും ദാമോദരനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും നിലനിന്നിരുന്നു.
കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ ലക്ഷ്മിക്കുട്ടി പട്ടിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. ലക്ഷ്മിക്കുട്ടി തലയ്ക്കും കൈക്കും പരിക്കേറ്റ് ബത്തേരി താലൂക്ക് ആശുപത്രിയില്‍ മൂന്ന് ദിവസമായി ചികിത്സയിലാണ്. പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ കഴിയുന്ന ഇവരെ ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.