കോന്നി: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി വിവാഹിതയായി. 22കാരിയായ രേഷ്മയ്ക്ക് മിന്നുചാര്‍ത്തിയത് കോന്നി ബ്ലോക്ക് പഞ്ചായത്ത് അരുവാപ്പുലം ഡിവിഷന് അംഗം വര്‍ഗീസ് ബേബിയാണ്. ഇന്നലെ രാവിലെ 11.30ന് പൂവന്‍പാറ ശാലേം മാര്‍ത്തോമ്മാ പള്ളിയിലായിരുന്നു വിവാഹം.
ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി. മാത്യുവിന്റെയും മിനി റോയിയുടെയും മകളാണ് രേഷ്മ. അരുവാപ്പുലം പാര്‍ലി വടക്കേതില്‍ പിഎം ബേബിയുടെയും സാറാമ്മ ബേബിയുടെയും മകനാണ് വര്‍ഗീസ് ബേബി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും സിപിഎം കോന്നി ഏരിയ കമ്മിറ്റിയംഗവുമാണ്.
രേഷ്മ അരുവാപ്പുലം ലോക്കല്‍ കമ്മിറ്റിയംഗമാണ്. ഡിവൈഎഫ്ഐ ജില്ലാഘടകത്തിലും പ്രവര്‍ത്തിച്ചുവരികയാണ്. 21 വയസ്സ് പൂര്‍ത്തിയായ ദിവസമാണ് രേഷ്മ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് പഞ്ചായത്തംഗവും പ്രസിഡന്റുമാവുകയായിരുന്നു. ഇതോടെ സംസ്ഥാനത്തെ പ്രായംകുറഞ്ഞ പ്രസിഡന്റായി രേഷ്മ മാറി.