കോട്ടയം: മണിപ്പുഴയില്‍ കൈത്തോട്ടില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം വേങ്ങര സ്വദേശി സുധീഷ് ആണ് മരിച്ചത്. 33 വയസായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മണിപ്പുഴ ഈരയില്‍ക്കടവ് ബൈപാസ് റോഡിലെ കലുങ്കിന് സമീപത്തെ തോട്ടില്‍ സുധീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
അരയറ്റം വെള്ളമുള്ള തോട്ടില്‍ തല മാത്രം പുറത്തുകാണുന്നനിലയിലാണ് മൃതദേഹം കിടന്നിരുന്നത്. മണിപ്പുഴ നാട്ടകം ഗസ്റ്റ്ഹൗസ് റോഡിലെ കടകള്‍ക്ക് പിന്നിലാണ് തോട്. കടകളില്‍ ജോലിചെയ്യുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്.
തുടര്‍ന്ന് ഇവര്‍ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. മണിപ്പുഴ നാട്ടകം ഗസ്റ്റ് ഹൗസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന പഴക്കട നടത്തിയിരുന്ന ആളായിരുന്നു സുധീഷ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.