മലപ്പുറം: ജനങ്ങളുടെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് എടപ്പാൾ മേൽപാലത്തിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു. ജനുവരി 8 ന് പാലം നാടിന് സമർപ്പിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.
തൃശ്ശൂർ – കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാൾ മേൽപാലം ജനുവരി 8 ന് ഉദ്ഘാടനം ചെയ്യും. ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നമാണ് സഫലമാകുന്നത്. മേയ് 20 ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം നിരവധി തവണ എടപ്പാൾ പാലം സന്ദർശിക്കുകയും നിർമ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മന്ത്രി ഓഫീസിൽ നിന്നും പ്രവൃത്തിയുടെ പുരോഗതി കൃത്യമായി പരിശോധിച്ചു. ഓരോ പ്രവൃത്തിക്കും സമയക്രമം നിശ്ചയിച്ച് നൽകിയും അത് പരിശോധിച്ചുമാണ് മേൽപാലം നിർമ്മാണം ഇത്ര വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചതെന്നും മന്ത്രി റിയാസ് പറഞ്ഞു.
പാലം പ്രവൃത്തിയുമായി ബന്ധപ്പെട്ട് എല്ലാ നിലയിലും ഇടപെട്ട കെടി ജലീൽ എംഎൽഎയ്ക്കും പ്രവൃത്തിയുമായി സഹകരിച്ച എടപ്പാൾ ജനതയ്ക്കും പ്രത്യേകം നന്ദിയും മന്ത്രി രേഖപ്പെടുത്തി.
നിശ്ചയിച്ച പ്രകാരം പ്രവൃത്തി പൂർത്തീകരിച്ച ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നിർമ്മാണ തൊഴിലാളികളെയും മന്ത്രി അഭിനന്ദിച്ചു.