കൊച്ചി: കുത്തിയൊലിക്കുന്ന മഹാപ്രളയത്തിലേയ്ക്ക് ചങ്കുറപ്പോടെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യതൊഴിലാളികളുടെ വാക്കുകളാണ് ഇന്ന് സംസ്ഥാനം നെഞ്ചോടു ചേര്‍ക്കുന്നത്. അതീവ ദുര്‍ഘടമായ രക്ഷാ ദൗത്യമാണ് മത്സ്യതൊഴിലാളികള്‍ നടത്തി വന്നത്. മരണം മുഖത്തോട് മുഖം നോക്കി നില്ക്കുന്ന ജനതയ്ക്ക് മുന്പിലേയ്ക്കാണ് ജീവിതത്തിന്റെ പ്രത്യാശയുമായി മത്സ്യതൊഴിലാളികള്‍ എത്തിയത്.
കേരളത്തിന്റെ യഥാര്‍ത്ഥ ഹീറോസ് ആയി മാറിയ മത്സ്യതൊഴിലാളികളെ അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും വാതോരാതെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നത്. അന്നം തരുന്ന ബോട്ടുമായി മരണമുഖത്ത് നില്‍ക്കുന്നവരെ രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട നിരവധി മത്സ്യതൊഴിലാളികളുടെ കൂട്ടത്തിലുള്ളയാളാണ് വിഴിഞ്ഞം സ്വദേശി ഫ്രെഡ്ഡിയും. ഫ്രെഡ്യുടെ നന്മ വറ്റാത്ത വാക്കുകളാണ് ഇപ്പോള്‍ ശക്തമായി പ്രചരിക്കുന്നത്.
‘ഞാന്‍ പോയാല്‍ ഒരാളല്ലേ;രക്ഷിക്കാനായാല്‍ എത്ര ജീനവാ സാറേ” വിഴിഞ്ഞം സ്വദേശി ഫ്രെഡ്ഡിക്ക് ജില്ലാകളക്ടറോട് ഇതു പറയുമ്പോള്‍ തെല്ലും ആശങ്കയില്ലായിരുന്നു. മുന്നിലുണ്ടായിരുന്നത് മഹാപ്രളയത്തിന് മുമ്പില്‍ നിസഹായരായി ജീവന് അപകടത്തിലിരിക്കുന്നവരുടെ മുഖം മാത്രം. പ്രളയ വാര്‍ത്ത അറിഞ്ഞയുടന്‍ മറ്റൊന്നും ആലോചിക്കാതെ ദുരന്തമുഖത്തേക്ക് കുതിക്കുകയായിരുന്നു. ബന്ധുക്കളായ പഴനിയടിമ, ജില്ലര് എന്നിവരും ഫ്രെഡ്ഡിയോടൊപ്പം ദുരന്തമുഖത്തേക്ക് കുതിച്ചു. വെള്ളത്തില്‍ മുങ്ങിയ വീടിന് മുകളില്‍ നിന്നും ഉയര്‍ന്ന പ്രാണനുവേണ്ടി നിലവിളിക്കുന്നവരെ ഒന്നൊന്നായി ഇവര്‍ ജീവിതത്തിന്റെ കരയില്‍ എത്തിച്ചു.
വള്ളത്തിലെ വടം ഉപയോഗിച്ചാണ് പലരെയും ഉയരമുള്ള കെട്ടിടങ്ങളില്‍ നിന്നും താഴെ എത്തിച്ചത്. പ്രായമായവരെയാണ് ഇത്തരത്തില്‍ താഴെയിറക്കാന്‍ പ്രയാസപ്പെട്ടത്. ചിലര്‍ വീട് വിട്ട് വരുവാന്‍ കൂട്ടാക്കുന്നില്ല അവര്‍ക്ക് ഭക്ഷണം മാത്രം മതി. തങ്ങള്‍ക്ക് കഴിക്കാനായി കരുതിയിരുന്ന ബിസ്ക്കറ്റും പഴവും വെള്ളവും ഇവര്‍ക്ക് കൊടുത്തിട്ട് രക്ഷാ പ്രവര്‍ത്തനത്തിലേക്ക് വീണ്ടും പോകും. മണിക്കൂറുകള്‍ നീളുന്ന പ്രയത്നത്തിനിടയ്ക്ക് പലപ്പോഴും ക്ഷീണിച്ച് ഇരിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴാവും ദൂരെ നിന്നും നിലവിളി കേള്‍ക്കുന്നത്. പിന്നെ ഒന്നും ആലോചിക്കില്ല ക്ഷീണം മറന്ന് അവിടേക്ക്.
രാത്രിയിലെ വെളിച്ചക്കുറവാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമായത്. എങ്കിലും പലപ്പോഴും രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. തിരുവനന്തപുരത്തു നിന്നും തങ്ങളുടെ ബോട്ടും മറ്റും ലോറിയില്‍ ദുരന്ത സ്ഥലത്തേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ലോറികള്‍ ഏര്‍പ്പാട് ചെയ്തിരുന്നു. മാത്രവുമല്ല പത്തനംതിട്ടയില്‍ ജില്ലാ കളക് ടര്‍ പിബി നൂഹിന്റെ നിര്‍ദേശ പ്രകാരമുള്ള ക്രമീകരണങ്ങളും ആളുകളെ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിച്ചുവെന്നും ഫ്രെഡ്ഡി പറഞ്ഞു.