തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയ വാഗ്ദാനം ഏകദേശം 450 കോടിരൂപ. ഇതില്‍ ശനിയാഴ്ചവരെ അക്കൗണ്ടിലെത്തിയത് 164 കോടി രൂപയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഓഗസ്റ്റ് 13 മുതലാണ് പ്രളയബാധിതരെ സഹായിക്കാനായി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സ്വീകരിച്ചുതുടങ്ങിയത്. വിവിധ സംസ്ഥാനസര്‍ക്കാരുകള്‍ ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത ശേഷിക്കുന്ന തുക വരുംദിവസങ്ങളിലായിരിക്കും അക്കൗണ്ടിലെത്തുക.
സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവബത്ത ദുരിതാശ്വാസനിധിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. 120 കോടിവരുമിത്. വാഗ്ദാനം ചെയ്യപ്പെട്ട 450 കോടി രൂപയില്‍ ഇതും ഉള്‍പ്പെടും. സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടുദിവസത്തെ ശമ്പളം നല്‍കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. മുഴുവന്‍ ജീവനക്കാരും രണ്ടുദിവസത്തെ ശമ്പളം നല്കിയാല് അതുമാത്രം 175 കോടിരൂപ വരും.