കൊച്ചി: നാലുദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ എത്തും. കാസര്‍കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം കേരളത്തിലേയ്ക്ക് എത്തുന്നത്. 21ന് കാസര്‍കോട് പെരിയ കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് അദ്ദേഹം ആദ്യം പങ്കെടുക്കുക.
ശേഷം വൈകിട്ട് 6.35ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ എത്തും. 22ന് രാവിലെ 9.50 മുതല്‍ കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡില്‍ നാവിക സേനയുടെ ഓപ്പറേഷനല്‍ ഡെമോന്‍സ്ട്രേഷന്‍ വീക്ഷിക്കും. 11.30ന് വിക്രാന്ത് സെല്‍ സന്ദര്‍ശിക്കും. 23ന് രാവിലെ 10.20ന് കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്കു യാത്ര തിരിക്കും. അവിടെ വിവിധ പരിപാടികള്‍ക്കുശേഷം 24ന് രാവിലെ 9.50ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിക്ക് മടങ്ങും.