പത്തനംതിട്ട: സംസ്ഥാനത്ത് രണ്ട് ദിവസമായി മഴ കുറഞ്ഞുവെങ്കിലും പ്രളയ ബാധിത പ്രദേശങ്ങളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷമാകുന്നത്. ഒട്ടനവധി പേര് ഇവിടെ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം. പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച സര്‍വകക്ഷിയോഗം നാളെ ചേരും. അതിനിടെ, അധിക ജലം ഒഴുക്കാന്‍ ആനത്തോട്, കൊച്ചു പമ്പ ഡാമുകളുടെ ഷട്ടര്‍ തുറക്കുന്നതിനാല്‍ പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അറിയിച്ചിട്ടുണ്ട്.
വരും ദിവസങ്ങളില്‍ സംസ്ഥാനത്തു മഴ കുറയുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. പ്രത്യേക മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കാത്തതും കഴിഞ്ഞ 24 മണിക്കൂറില്‍ അതിതീവ്ര മഴ ഉണ്ടാകാത്തതും ആശ്വാസകരമാണ്. ചെങ്ങന്നൂരില്‍ പാണ്ടനാട്, വെണ്മണി, ഇടനാട് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നാണ് പ്രധാനമായും ജനങ്ങള്‍ പുറത്തേക്കു വരാനുള്ളത്. തിരുവന്‍വണ്ടൂര്‍, കല്ലിശേരി, എനക്കാട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെളളക്കെട്ടുണ്ട്.
ആലുവയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ആലുവ തുരുത്ത്, ചെമ്പകശേരി, തോട്ടുമുഖം, ദേശം തുടങ്ങിയ പ്രദേശങ്ങളില്‍ കെടുതി തുടരുന്നു. തൃശൂരിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയായ ആലപ്പാട്, പുള്ള്, ചേറ്റുപുഴ, മക്കൊടി, ചേര്‍പ്പ്, എട്ടുമുന തുടങ്ങി ഗ്രാമങ്ങളിലും വലപ്പാട് മുതല്‍ ചാവക്കാട് വരെയുള്ള തീരദേശ മേഖലയിലും വെള്ളപ്പൊക്കം തുടരുന്നു.