കോട്ടയം: ടിപ്പറെന്നു കേട്ടാല്‍ കണ്ണില്‍ അമ്പരപ്പും പേടിയും ഓടിമാറാനുള്ള പ്രവണതയാണ് പൊതുവില്‍ മനുഷ്യര്‍ക്കിടയില്‍ കണ്ടു വരുന്നത്. റോഡില്‍ ഈ വണ്ടികള്‍ കണ്ടാല്‍ ജീവ ഭയം കൊണ്ട് ഓടിമാറുന്നവരിവരിലാണ് നാം ഏറെയും. എന്നാല്‍ ആ ധാരണയെല്ലാം തിരുത്തി കുറിക്കപ്പെടുകയാണ് കേരളം നേരിടുന്ന പ്രളയകെടുതിയിലൂടെ.
ആംബുലന്‍സ് പോലെ തന്നെ ജീവന് രക്ഷാ ഉപാധികളായി മാറിയിരിക്കുകയാണ് ടിപ്പറുകളും ടോറസുകളും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചെറുവാഹനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത മേഖലകളില്‍ നിന്നും ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കുന്നതും ഒറ്റപ്പെട്ട മേഖലകളിലെ ക്യാമ്പുകളിലേക്ക് സഹായം എത്തിക്കുന്നതും ടിപ്പറുകളിലാണ്. റോഡ് നിറഞ്ഞ് പാഞ്ഞുവരുന്ന ടിപ്പര്‍ ടോറസ് ലോറികള്‍ക്ക് മുമ്പൊക്കെ മരണദൂതന്മാരുടെ പരിവേഷമായിരുന്നു.
ഇവയുടെ മരണപ്പാച്ചില്‍ മൂലമാണ് റോഡുകള്‍ തകരുന്നതെന്ന് പറഞ്ഞിരുവന്നവരില് പലരും ഇന്ന് ടിപ്പറുകള്ക്കായി കാത്തു നില്ക്കുന്ന കാഴ്ചയാണ്. ദിവസങ്ങളായി വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട പല മേഖലകളില്‍ നിന്നും ആളുകളെ പുറത്തേക്ക് എത്തിക്കുന്നത് ടിപ്പറുകളിലും ടോറസുകളിലുമാണ്. സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൂറുകണക്കിന് ആളുകളാണ് ഇന്നും ടിപ്പറുകളിലും ടോറസ് ലോറികളിലുമായി എത്തുന്നത്.
പലതിലും ആളുകള്‍ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുന്ന കാഴ്ചയാണ് കാണാനായത്. ശക്തമായുള്ള കുത്തൊഴുക്കിനെ പുഷ്പം പോലെ മറികടന്നു പോകുന്ന ഈ വലിയ വാഹനങ്ങളെ കേരള ജനത ഇടംനെഞ്ചിലേറ്റി കഴിഞ്ഞു. ജില്ലാ ഭരണാധികാരികളും പോലീസും ഇടപെട്ടാണ് ടോറസുകള്‍ മണിക്കൂറുകള്‍ക്കകം സജ്ജമാക്കിയത്.