കൊട്ടാരക്കര: വിഷംനല്‍കി തന്നെ ഇല്ലാതാക്കാന്‍ ശ്രമം നടന്നെന്ന് വെളിപ്പെടുത്തി സരിത എസ് നായര്‍. വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണെന്നും കീമൊതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നതെന്നും സരിത പറഞ്ഞു.
2015ലെ കൈയേറ്റം സംബന്ധിച്ച കേസില്‍ കൊട്ടാരക്കര കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴായിരുന്നു സരിതയുടെ പ്രതികരണം. ചികിത്സയിലുള്ള താന്‍ അതിജീവനത്തിനുശേഷം ഇതുസംബന്ധിച്ച് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു. 2015 ജൂലായ് 18ന് രാത്രി 12ന് എംസിറോഡില്‍ കരിക്കത്ത് വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
തിരുവനന്തപുരത്തുനിന്നു ബന്ധുവിനൊപ്പം മടങ്ങുകയായിരുന്ന സരിത വിശ്രമിക്കാനായി കരിക്കത്ത് കാര്‍ നിര്‍ത്തിയപ്പോള്‍ ഒരു സംഘം ആക്രമിച്ചിരുന്നു. കാറിന്റെ ചില്ല് തകര്‍ക്കുകയും സരിതയെയും ഒപ്പമുണ്ടായിരുന്നവരെയും അസഭ്യംപറയുകയും അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തെന്നായിരുന്നു കേസ്. വിധിപറയാനായി കേസ് 29ലേക്കു മാറ്റി.