മലപ്പുറം:മലപ്പുറം താനൂര്‍ സ്വദേശി ജൈസല്‍ കെപിയാണ് ഇപ്പോള്‍ താന്‍ പോലുമറിയാതെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ബോട്ടില്‍ കയറാന്‍ പ്രയാസം അനുഭവിച്ച സ്ത്രീകള്‍ക്ക് നന്മയുടെ ചവിട്ടുപടിയായി മാറിയ ജൈസലിന് കൈയ്യടിക്കുകയാണ് സൈബര്‍ലോകം.
ബോട്ടിലേക്ക് കയറാന്‍ ബുദ്ധിമുട്ടേണ്ടി വന്ന സ്ത്രീകള്‍ക്ക് വെള്ളത്തില്‍ കുനിഞ്ഞ് ചവിട്ടിക്കയറാന്‍ പടവാകുകയായിരുന്നു ജൈസല്‍. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ജെയ്സലിനെ ഏവരും പ്രശംസിക്കുകയായിരുന്നു.
താനൂര്‍ ചാപ്പപ്പടി സ്വദേശിയാണ് 32 കാരനായ ജൈസല്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടക്കല്‍ പറപ്പൂര് റോഡിലെ മുതലമാട് ഭാഗത്ത് എത്തിയപ്പോഴായിരുന്നു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബോട്ടില്‍ കയറാന്‍ ജൈസല്‍ സ്വയം ചവിട്ടുപടിയായി മാറിയത്. ഇദ്ദേഹത്തിന്റെ പുറത്തു ചവിട്ടിയാണ് വയസ്സായ സ്ത്രീകളടക്കം നിരവധി പേര് ബോട്ടില്‍ കയറിയത്.
മത്സ്യത്തൊഴിലാളിയായ ജൈസല്‍ മലപ്പുറം ട്രോമ കെയറിന്റെ നേതൃത്വത്തിലാണ് ദുരന്തമുഖത്തെത്തിയത്. നൂറ്റിയമ്പത് പേരെയാണ് തൃശൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ജെയ്സണും സംഘവും ജീവിതത്തിലേക്ക് തിരികെ കൂട്ടിക്കൊണ്ട് വന്നത്.
വീടുകളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും, ബന്ധുവീടുകളിലേക്കും മാറുന്നവരെ എയര്‍ ബോട്ടിന്റെ സഹായത്തോടെ വെള്ളം കുറഞ്ഞ പ്രദേശത്തേക്ക് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ജൈസലിന്റെ നന്മനിറഞ്ഞ മനസ് കാണാനായത്.
ബോട്ടില്‍ കയറുന്നതിനിടെ പ്രദേശത്തെ ഒരു സ്ത്രീ വെള്ളത്തിലേക്ക് വീണു ഇത് കണ്ടതിനെത്തുടര്‍ന്ന് മറ്റു സ്ത്രീകള്‍ ബോട്ടില്‍ കയറാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് വെള്ളത്തില്‍ ജൈസല്‍ മുട്ടുകുത്തിയിരുന്ന് ബോട്ടില്‍ കയറുന്നവര്‍ക്ക് ചവിട്ടുപടിയായി മാറിയത്. ജൈസലിന്റെ നന്മ നിറഞ്ഞ പ്രവൃത്തി കൂട്ടത്തിലുള്ള ഒരാള്‍ വീഡിയോ എടുത്ത് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ജൈസലിന് അഭിനന്ദന പ്രവാഹമായിരുന്നു. നന്മയുടെ മനുഷ്യരൂപം എന്ന തലക്കെട്ടോടെയാണ് വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.