ന്യൂഡല്‍ഹി: പ്രളയകെടുതിയില്‍ നട്ടം തിരിയുന്ന കേരളത്തിന് കൂടുതല്‍ സഹായവുമായി കേന്ദ്രസര്‍ക്കാര്‍. 100 മെട്രിക് ടണ്‍ പയറുവര്‍ഗങ്ങളും 22 ലക്ഷം ലിറ്റര്‍ കുടിവെള്ളവും കേന്ദ്രസര്‍ക്കാര്‍ കേരളത്തിനു നല്‍കും. 9,300 കിലോലീറ്റര്‍ മണ്ണെണ്ണയും 60 ടണ്‍ മരുന്നും ഈ സഹായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പിലേയ്ക്കുള്ള പുതപ്പുകളും കിടക്കവിരികളും മറ്റും പ്രത്യേക ട്രെയിന്‍ വഴി കേരളത്തിലേയ്ക്ക് എത്തിക്കും. നിലവില്‍ നല്‍കിയിട്ടുള്ള എല്ലാ സംസ്ഥാനങ്ങളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലായിരുന്നു ഓറഞ്ച് അലര്‍ട്ട്. കനത്ത മഴയുണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ചെങ്ങന്നൂര്‍, പാണ്ടനാട്, വെണ്മണി മേഖലകളില്‍ 5000 പേര് ഇനിയും കുടുങ്ങിക്കിടക്കുകയാണെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. ഇവര്‍ സുരക്ഷിതരെന്നും രക്ഷാപ്രവര്‍ത്തനം ഇന്നു വൈകിട്ടോടെ പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി.
ചെങ്ങന്നൂരിലെ സ്ഥിതിയാണ് നിയന്ത്രണ വിധേയമാകാത്തതായുള്ളത്. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ അഞ്ചാം ദിവസമാണ് ഇവിടുള്ളവര്‍ കുടുങ്ങിക്കിടക്കുന്നത്. തിരുവല്ല, ആറന്മുള മേഖലകളിലും തുല്യദുരിതമാണ്. അതേസമയം, ചെങ്ങന്നൂര്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ ചിലര്‍ വീടുവിട്ടു വരാന്‍ തയാറായിട്ടില്ലെന്നാണ് വിവരം. ഭക്ഷണവും വെള്ളവും മതിയെന്നാണ് ഇവര്‍ പറയുന്നത്. ജലനിരപ്പ് താഴ്ന്ന പ്രദേശത്തുള്ളവര്‍ വീടുകളില്‍ തുടരുന്നതു സ്ഥിതി ഗുരുതരമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.