തൃശൂര്‍: സഹോദരിയുടെ വിവാഹത്തിന് സ്വര്‍ണം വാങ്ങാന്‍ വായ്പ ലഭിക്കാതിരുന്ന മനോവിഷമത്തില്‍ ജീവനൊടുക്കിയ വിപിന്‍ കേരളക്കരയുടെ ഹൃദയം ഉലച്ചിരുന്നു. സഹോദരനെ നഷ്ടപ്പെട്ട് നില്ക്കുന്ന വിപിന്റെ സഹോദരി വിദ്യക്കും കുടുംബത്തിനും താങ്ങായി ഇനി താന്‍ ഉണ്ടാവുമെന്ന് പ്രതിശ്രുത വരന് നിധിന് പറയുന്നു.
”അവളെ ഞാന്‍ ഇഷ്ടപ്പെട്ടത് പണം മോഹിച്ചല്ല. വിദേശത്തുള്ള ജോലി പോയാലും പ്രശ്നമില്ല. വിദ്യയെ വിവാഹം ചെയ്തതിന് ശേഷമേ മടങ്ങി പോകുന്നുള്ളു. ജനുവരി ആദ്യ ആഴ്ചയില്‍ തിരിച്ചെത്തണം എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ 41 ചടങ്ങ് കഴിഞ്ഞ് വിവാഹം നടത്തിയതിന് ശേഷമേ മടക്കമുള്ളു. അച്ഛനില്ലാത്ത കുട്ടിയാണ്. ഇപ്പോള്‍ ആങ്ങളയുമില്ല. ഇനി അവള്‍ക്ക് ഞാനുണ്ട് എല്ലാമായി” നിധിന് പറഞ്ഞു.
സഹോദരിയെയും അമ്മയെയും ജൂവലറിയില്‍ ഇരുത്തിയാണ് വിപിന്‍ വീട്ടിലെ മുറിയില്‍ ജീവന1ടുക്കിയത്. കല്യാണത്തിനായി ബാങ്കില്‍ വായ്പക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇത് ലഭിക്കാതെ വന്നതോടെ മനോവിഷമത്തില്‍ വിപിന്‍ ജീവനൊടുക്കുകയായിരുന്നു.
രണ്ടര വര്‍ഷമായി നിധിനും വിപിന്റെ സഹോദരി വിദ്യയും പ്രണയത്തിലാണ്. ഷാര്‍ജയില്‍ എസി മെക്കാനിക്ക് ആണ് നിധിന്. രണ്ടാഴ്ച മുന്‍പാണ് നാട്ടില്‍ എത്തിയത്. പണവും സ്വര്‍ണവും ഒന്നും വേണ്ടെന്ന് പറഞ്ഞെങ്കിലും ബാങ്കില്‍ നിന്ന് വായ്പ ശരിയായിട്ടുണ്ടെന്നും പെങ്ങളെ വെറുംകയ്യോടെ വിടാനാകില്ലെന്നുമാണ് വിപിന്‍ പറഞ്ഞത്.
ഫോട്ടോയെടുക്കാനായി വരാന്‍ തിങ്കളാഴ്ച നിധിനോട് വിപിന്‍ പറഞ്ഞിരുന്നു. സ്റ്റുഡിയോയില്‍ പോയി ഫോട്ടോ എടുത്തു. അതിന് ശേഷം വിദ്യയെ ജ്വല്ലറിയില്‍ എത്തിക്കാന്‍ വിപിന്‍ പറഞ്ഞു. വിദ്യയെ അമ്മയ്ക്കൊപ്പം ജ്വല്ലറിയിലാക്കി നിധിന് കയ്പമംഗലത്തെ വീട്ടിലേക്ക് മടങ്ങി.